
വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍നിന്നുള്ള മരുന്നുകള്‍ക്ക് 200 ശതമാനംവരെ തീരുവ ചുമത്തിയേക്കുമെന്ന് ഭീഷണിമുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അധികാരത്തിലേറിയതിനു തൊട്ടുപിന്നാലെ ആരംഭിച്ച വ്യാപാരയുദ്ധത്തില്‍ ട്രംപ് ഇളവുനല്‍കിയിരുന്ന പ്രധാനമേഖല ഇതുമാത്രമായിരുന്നു.
അതേസമയം, ‘മരുന്നുതീരുവ’ പ്രാബല്യത്തിലാക്കുന്നത് ഒന്നോ ഒന്നരവർഷമോ വൈകിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്. കമ്പനികള്‍ക്ക് കൂടുതല്‍ മരുന്നുകള്‍ സംഭരിക്കാനും മരുന്നുനിർമാണം പൂർണമായി യുഎസിലേക്ക് മാറ്റാനുമാണ് ഈ സമയം.
പതിറ്റാണ്ടുകളായി വിദേശമരുന്നുകള്‍ തീരുവയില്ലാതെയാണ് യുഎസില്‍ ഇറക്കുമതിചെയ്യുന്നത്. യൂറോപ്പില്‍നിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നുകളുള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്താൻ നേരത്തേ യുഎസ് തീരുമാനിച്ചിരുന്നു. രാജ്യത്തെ ഔഷധനിർമാതാക്കളോട് മരുന്നുവില കുറയ്ക്കാൻ ട്രംപ് നിർബന്ധം പിടിക്കവേയാണ് തീരുവക്കാര്യത്തിലെ ഭീഷണി.
മരുന്നുവില കുറയ്ക്കുമെന്നതായിരുന്നു ട്രംപിന്റെ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍, ഇറക്കുമതിത്തീരുവ ചുമത്തുന്നതോടെ യുഎസില്‍ മരുന്നുകളുടെ വില ഉയരും.
വിദേശനിർമിതമായ ജെനറിക് മരുന്നുകള്‍ക്ക് ക്ഷാമവും നേരിടും. അമേരിക്കക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയംപോലും ഉയരുമെന്ന് വിദഗ്ധർ പറയുന്നു.
ട്രംപിന്റെ നീക്കത്തെത്തുടർന്ന് അമേരിക്കയിലെ ഭൂരിഭാഗം ഔഷധനിർമാതാക്കളും മരുന്ന് ഇറക്കുമതി കൂട്ടിയിട്ടുണ്ടെന്നും ആറുമുതല്‍ 18 വരെ മാസം ഉപയോഗത്തിനുള്ളവ സംഭരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍.
ഇന്ത്യയുടെ മരുന്നുകയറ്റുമതിയുടെ പ്രധാന വിപണികളിലൊന്നാണ് യുഎസ്. നിലവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയക്കുന്ന മരുന്നുകളുടെ 31 ശതമാനവും അമേരിക്കയിലേക്കാണ് പോകുന്നത്.
റഷ്യൻ എണ്ണയുടെപേരില്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ യുഎസ് 50 ശതമാനമാക്കി ഉയർത്തിയിരിക്കേ മരുന്നിനുകൂടി തീരുവ ചുമത്തിയാല്‍ അത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കും.