
തൃശ്ശൂര്‍ പൂരം മലയാളികള്‍ക്ക് ഒരു വികാരമാണ്. ആത്മീയതയുടെയും ബന്ധങ്ങളുടെയും ആഘോഷങ്ങളുടെയും സാമ്പത്തിക കൈമാറ്റങ്ങളുടെയും ഉത്സവം. ശക്തന്‍ തമ്പുരാന്‍ 1798-ല്‍ ആരംഭിച്ച ഈ പൂരം, കേരളത്തിലെ ആദ്യ ആസൂത്രിത പ്രദര്‍ശനമായും ജനകീയ പങ്കാളിത്തത്തിന്റെ മാതൃകയായും ചരിത്രത്തില്‍ ഇടം നേടി. വടക്കും നാഥന്‍ ക്ഷേത്രത്തെ കേന്ദ്രമാക്കി 10 ക്ഷേത്രങ്ങളുടെ കൂട്ടായ്മയായി ആരംഭിച്ച ഈ ഉത്സവം, നാടന്‍ കലാരൂപങ്ങളുടെയും ജനസമ്മേളനങ്ങളുടെയും ഒത്തുചേരലായി മാറി. മേട മാസത്തിലെ പൂരം നക്ഷത്ര ദിനത്തില്‍ നടക്കുന്ന ഈ മഹോത്സവം, ആനകളുടെ തലയെടുപ്പും കുടമാറ്റത്തിന്റെ ദൃശ്യവൈഭവവും വെടിക്കെട്ടിന്റെ മനോഹാരിതയും കൊണ്ട് ലോക ശ്രദ്ധ നേടി. എങ്കിലും തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യം അതിന്റെ സാംസ്‌കാരിക മഹിമയില്‍ മാത്രമല്ല, സാമ്പത്തിക പ്രതിഫലനത്തിലും ശ്രദ്ധേയമാണ്.
ഓരോ വര്‍ഷവും പൂരക്കാലത്ത് തൃശൂര്‍ നഗരം മുഴുവന്‍ വലിയൊരു വിപണിയായി മാറുന്നു. ആയിരക്കണക്കിന് ഹോട്ടലുകള്‍, വ്യാപാരശാലകള്‍, കലാസംഘങ്ങള്‍, പരസ്യ ഏജന്‍സികള്‍, ആനകള്‍, പൂ കച്ചവടങ്ങള്‍ തുടങ്ങി മുഴുവന്‍ മേഖലകളും അതിന്റെ ഭാഗമാകുന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം, പൂരത്തിലൂടെ ഏകദേശം 200 കോടിയിലധികം രൂപയുടെ ബിസിനസ്സാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്ക് തന്നെ ഈ ഉത്സവം ഒരു സീസണ്‍ സൃഷ്ടിക്കുന്നു. ദേശീയ- അന്താരാഷ്ട്ര സന്ദര്‍ശകരെ ആകര്‍ഷിച്ച്, ഹോസ്പിറ്റാലിറ്റി, ഗതാഗതം, പ്രാദേശിക ഉത്പന്ന വിപണി തുടങ്ങിയവയില്‍ ഇരട്ടിയിലധികം വളര്‍ച്ചയാണ് സൃഷ്ടിക്കുന്നത്. തൃശൂര്‍ പൂരം ഇന്നൊരു ഉത്സവമല്ല, പൈതൃകവും പുരോഗതിയും കൈകോര്‍ക്കുന്ന സാമൂഹ്യസാമ്പത്തിക ചലന ശക്തിയാണ്. കലയും കച്ചവടവും, പാരമ്പര്യവും നവീനതവും ആത്മീയതയും സാമ്പത്തിക കൈമാറ്റങ്ങളും ഒന്നിച്ചെത്തുന്ന ഈ പൂരം മലയാളികള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.






