
മുംബൈ: നിശ്ചിത കാലയളവുകളില്‍ നടത്തുന്ന ഓഹരി സൂചികകളുടെ അഴിച്ചുപണിയുടെ ഭാഗമായി ജൂണ്‍ 23 മുതല്‍ സെന്‍സെക്‌സില്‍ ട്രെന്റും ഭാരത് ഇലക്‌ട്രോണിക്‌സും ഇടം പിടിക്കും. ഇന്‍ഡസ്‌ഇന്‍ഡ് ബാങ്കും നെസ്‌ളേയുമാണ് 30 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സില്‍ നിന്ന് പുറത്തുപോകുന്നത്.
ബിഎസ്‌ഇ 100 സൂചികയില്‍ ഡിക്‌സണ്‍ ടെക്‌നോളജീസ്, കോഫോര്‍ജ്, ഇന്‍ഡസ് ടവേഴ്‌സ് എന്നീ ഓഹരികള്‍ ഇടം പിടിക്കും. അതേ സമയം ഭാരത് ഫോര്‍ജ്, ഡാബര്‍ ഇന്ത്യ, സീമന്‍സ് എന്നീ ഓഹരികള്‍ ബിഎസ്‌ഇ 100 സൂചികയില്‍ നിന്ന് ഒഴിവാക്കപ്പെടും.
ബിഎസ്‌ഇ സെന്‍സെക്‌സ് 50 സൂചികയില്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ശ്രീറാം ഫിനാന്‍സ് എന്നീ ഓഹരികളെ ഉള്‍പ്പെടുത്തും. ബ്രിട്ടാനിയ ഇന്റസ്‌ട്രീസും ഹീറോ മോട്ടോകോര്‍പുമാണ് ബിഎസ്‌ഇ സെന്‍സെക്‌സ് 50യില്‍ നിന്ന് പുറത്തുപോകുന്നത്.
ബ്രിട്ടാനിയ, ഡിക്‌സണ്‍ ടെക്‌നോളജീസ്, കോഫോര്‍ജ്, ഇന്‍ഡസ് ടവേഴ്‌സ് എന്നീ ഓഹരികള്‍ ബിഎസ്‌ഇ സെന്‍സെക്‌സ് നെക്‌സ്റ്റ് 50 സൂചികയില്‍ ഇടം പിടിക്കുമ്പോള്‍ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ശ്രീറാം ഫിനാന്‍സ്, ഭാരത് ഫോര്‍ജ്, ഡാബര്‍ ഇന്ത്യ, സീമന്‍സ് എന്നീ ഓഹരികള്‍ ഒഴിവാക്കപ്പെടും.
ബിഎസ്‌ഇ ബാങ്കക്‌സ് സൂചികയില്‍ കാനറാ ബാങ്കിന് പകരം ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിനെ ഉള്‍പ്പെടുത്തും. സൂചികയിലെ ഈ മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഇന്‍ഡക്‌സ് ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോകളിലും മാറ്റങ്ങളുണ്ടാകും.