ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഓരോ വര്‍ഷവും റെക്കോഡെന്ന് മന്ത്രി

കോഴിക്കോട്: ആഭ്യന്തര സഞ്ചാരികളുടെ കാര്യത്തില്‍ ഓരോ വര്‍ഷവും കേരളം റെക്കോര്‍ഡ് നേടുകയാണെന്ന് ടൂറിസം, പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് അഞ്ച് വര്‍ഷം മുൻപ് വന്ന ആഭ്യന്തര സഞ്ചാരികളെക്കാള്‍ 36 ശതമാനത്തിലധികം ആഭ്യന്തര സഞ്ചാരികള്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ എത്തി. കോവിഡിനു മുമ്പുള്ള കാലത്തേക്കാളും നാം ഏറെ മുന്നോട്ടു പോയെന്നും അതാണ് ഈ രംഗത്ത് നാം കൈവരിച്ച മാറ്റമെന്നും അദ്ദേഹം പറഞ്ഞു. സര്‍ഗാലയ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജിലെ അന്താരാഷ്ട്ര കരകൗശലമേളയുടെ പതിമൂന്നാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നബാര്‍ഡ് കേരള ചീഫ് ജനറല്‍ മാനേജര്‍ നാഗേഷ് കുമാര്‍ അനുമല ‘നബാര്‍ഡ് ക്രാഫ്റ്റ്‌സ് സോണ്‍’ ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശലമേളയായി സര്‍ഗാലയ മേള മാറിക്കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ സമ്പന്നമായ കലാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ഈ മേള ഒരു ടൂറിസം വേദി കൂടിയാണ്. വിദേശസഞ്ചാരികളെ ഉള്‍പ്പെടെ കേരളത്തിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് വൈദഗ്ധ്യം പകര്‍ന്നുനല്‍കാനും കഴിയുന്ന വേദിയായും ഇതു മാറുകയാണ്. ക്രാഫ്റ്റ് വില്ലേജിന്റെയും കോഴിക്കോടിന്റെയും ഡെസ്റ്റിനേഷന്‍ ബ്രാന്‍ഡിംഗിനുകൂടി ഇത്തരം മേളകള്‍ സഹായകരമാകും. വിവിധ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും നിന്ന് ഇരുന്നൂറിലധികം കലാകാരര്‍ വൈവിദ്ധ്യമാര്‍ന്ന കരകൗശലോത്പന്നങ്ങളുമായി മേളയില്‍ പങ്കെടുക്കുന്നു. പരമ്പരാഗത കഴിവുകളും പൈതൃകവും സംരക്ഷിക്കുകയും പരിശീലനത്തിലൂടെയും വില്‍പ്പനയിലൂടെയും അവയെ സജീവമായി നിലനിര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇത്തരം മേളകള്‍ മുന്നോട്ടുവെക്കുന്നത്. അതോടൊപ്പം കരകൗശലകലാകാരര്‍ക്കു വരുമാനം, തൊഴിലവസരം എന്നിവ ഉറപ്പാക്കുകയും പ്രാദേശിക ജനതയെ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യാന്‍ ഇതു സഹായകരമാകും.

കേരളത്തിലെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിലേക്കു നീങ്ങുകയാണ്. 2026-ല്‍ ലോകത്തു കണ്ടിരിക്കേണ്ട 26 ഡെസ്റ്റിനേഷനുകളില്‍ ഇന്ത്യയില്‍നിന്നുള്ള ഏക ഡെസ്റ്റിനേഷനായി കേരളത്തെ കഴിഞ്ഞ ദിവസം റഫ് ഗൈഡ്സ് എന്ന ട്രാവല്‍ കമ്പനി  അടയാളപ്പെടുത്തി. ട്രാവല്‍ – ലിഷര്‍ മാഗസിന്‍ വായനക്കാരില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവും മികച്ച വെല്‍നെസ് ഡെസ്റ്റിനേഷനായി കേരളത്തെ രണ്ടാഴ്ച മുമ്പു തെരഞ്ഞെടുത്തു. നേരത്തെ ന്യൂയോര്‍ക്ക് ടൈംസ്, ടൈം മാഗസിന്‍ ഇവരെല്ലാം കേരളത്തെ ലോകടൂറിസം മാപ്പില്‍ കൃത്യമായി അടയാളപ്പെടുത്തി. ഇങ്ങനെ ഓരോ മേഖലയിലും അന്താരാഷ്ട്രതലത്തില്‍ കേരളത്തെ സഞ്ചാരികള്‍ അടയാളപ്പെടുത്തിത്തുടങ്ങിയതാണു കേരളം ഉണ്ടാക്കിയ മുന്നേറ്റമെന്നും മന്ത്രി പറഞ്ഞു. ആപത്തായി വളരുന്ന മയക്കുമരുന്നുകള്‍ക്കു പകരം സന്തോഷവും വിനോദവും പകരാന്‍ കലകള്‍ക്കു കഴിയുമെന്നും ഇത്തരം മേളകള്‍ക്കു യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ധ്യക്ഷനായ ഷാഫി പറമ്പില്‍ എംപി അഭിപ്രായപ്പെട്ടു.

X
Top