
ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഗണ്യമായ ലാഭം നേടി. നികുതി വഴി സര്‍ക്കാരിന് ഗണ്യമായ സംഭാവന നല്‍കാനും കമ്പനികള്‍ക്കായി.ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, 2023 സാമ്പത്തിക വര്‍ഷത്തില്‍ 1.25 ലക്ഷം കോടി രൂപയുടെ കോര്‍പറേറ്റ് നികുതി തുകയാണ് ലഭ്യമായത്.
കൂടുതല്‍ നികുതി നല്‍കിയ 10 ഇന്ത്യന്‍ കമ്പനികള്‍:
7,702.67 കോടി രൂപ നികുതി അടച്ച ആക്സിസ് ബാങ്കാണ് പട്ടികയില്‍ പത്താം സ്ഥാനത്ത്. 9,214 കോടി രൂപയുടെ നികുതിയുമായി ഇന്‍ഫോസിസ് ഒമ്പതാം സ്ഥാനത്തെത്തി. 9,875.87 കോടി രൂപ നികുതി അടച്ച കോള്‍ ഇന്ത്യ എട്ടാംസ്ഥാനത്തും 10,159.77 കോടി രൂപ നികുതി അടച്ച ടാറ്റ സ്റ്റീല്‍ ഏഴാം സ്ഥാനത്തുമാണ്.
10,273.15 കോടി രൂപ നികുതിയിനത്തില് സംഭാവന ചെയ്ത ഓയില് ആന്ഡ് നാച്ചുറല് ഗ്യാസ് കോര്പ്പറേഷനാണ് ആറാം സ്ഥാനത്ത്. 11,793.44 കോടി രൂപയുമായി ഐസിഐസിഐ ബാങ്ക് അഞ്ചാം സ്ഥാനത്തും 14604 കോടി രൂപ നികുതിയുമായി ടിസിഎസ് (ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്) നാലാം സ്ഥാനത്തും 15349.69 കോടി രൂപ നികുതിയിനത്തില്‍ നല്‍കിയ എച്ച്ഡിഎഫ്സി ബാങ്ക് മൂന്നാം സ്ഥാനത്തുമാണ്.
17648.67 കോടി രൂപ നല്‍കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് നല്‍കിയ നികുതി 20713 കോടി രൂപ.






