എണ്ണ ഇറക്കുമതി ബില്ലില്‍ വന്‍ വര്‍ധന ◆ നവംബറിൽ എണ്ണവില കൂട്ടാൻ കേന്ദ്രസർക്കാർ ◆ ന്യൂസിലന്‍ഡില്‍ നിന്നുള്ള ഇറക്കുമതിക്ക് ആദ്യഘട്ട നികുതിയിളവ് പ്രഖ്യാപിച്ചു ◆ അരിവില 100 കടന്നേക്കുമെന്ന് ആശങ്ക ◆ രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆

രൂപയെ രക്ഷിക്കാന്‍ ആര്‍ബിഐ ആറ് ആഴ്ചയില്‍ വിറ്റഴിച്ചത് 60 ബില്യണ്‍ ഡോളര്‍

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡോളര്‍ വില്‍പ്പന ശക്തമാക്കിയതോടെ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ ഇടിവ്. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഏകദേശം 60 ബില്യണ്‍ ഡോളറാണ് കരുതല്‍ ശേഖരത്തില്‍ നിന്ന് കുറഞ്ഞത്.

ഒക്ടോബര്‍ 9-ലെ കണക്കനുസരിച്ച് ശേഖരം 726.027 ബില്യണ്‍ ഡോളറായി താഴ്ന്നു. സെപ്റ്റംബര്‍ 4-ന് ഇത് 785.706 ബില്യണ്‍ ഡോളറായിരുന്നു. റിപ്പോര്‍ട്ടിങ് ആഴ്ചയില്‍ മാത്രം 8.578 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായതായി ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തികളിലും വന്‍ കുറവുണ്ടായി. റിപ്പോര്‍ട്ടിങ് ആഴ്ചയില്‍ 7.142 ബില്യണ്‍ ഡോളര്‍ കുറഞ്ഞതോടെ ആസ്തികളുടെ മൂല്യം 597.605 ബില്യണ്‍ ഡോളറായി.

കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മാത്രം 50.563 ബില്യണ്‍ ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഡോളര്‍ സമാഹരണ പദ്ധതികളിലൂടെയും സ്വാപ്പ് സംവിധാനത്തിലൂടെയും ആര്‍ബിഐ നേടിയ 143.596 ബില്യണ്‍ ഡോളറിന്റെ ഏകദേശം 35 ശതമാനത്തിന് തുല്യമാണ് ഈ കുറവ്.

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില, അമേരിക്കന്‍ ബോണ്ട് ആദായത്തിലെ വര്‍ധന, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്മാറ്റം എന്നിവ രൂപയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ്.

രൂപയുടെ മൂല്യം താങ്ങിനിര്‍ത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ മുഖേന ആര്‍ബിഐ വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് കരുതല്‍ ശേഖരത്തിലെ ഇടിവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന കറന്‍സികളിലൊന്നായി രൂപ മാറിയ സാഹചര്യത്തില്‍, വിദേശനാണ്യ വിപണിയിലെ സമ്മര്‍ദം കേന്ദ്രബാങ്കിന് വെല്ലുവിളിയാകുന്നു.

അതേസമയം, ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ വര്‍ഷം ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് 26.8 ബില്യണ്‍ ഡോളര്‍ പിന്‍വലിച്ചതായി നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ, ഒക്ടോബര്‍ 8-ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിന്റെ മൂല്യം 1.319 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 105.094 ബില്യണ്‍ ഡോളറിലെത്തി. രൂപയെ പിന്തുണയ്ക്കാനുള്ള ഇടപെടലുകള്‍ തുടരുമ്പോള്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ ഈ ഇടിവ് സാമ്പത്തിക മേഖലയുടെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

X
Top