
മുംബൈ: ഡിസംബറിലും ഫെബ്രുവരിയിലും നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയ യോഗത്തിലും നിരക്ക് വർധന പ്രഖ്യാപിച്ചേക്കും. അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വർധനയും ഉയരുന്ന പണപ്പെരുപ്പവും കാരണം റിപ്പോ 6.25 ശതമാനം വരെ ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുകയാണെങ്കിൽ ഏപ്രിലിൽ വീണ്ടുമൊരു വർധനകൂടി ഉണ്ടായേക്കാം.
നാലു വർഷത്തിനുശേഷം ഒക്ടോബറിൽ റിപ്പോ കാൽ ശതമാനം ഉയർത്തിയിരുന്നു. ഇതോടെ നിരക്ക് 5.50 ശതമാനമായി.
അസംസ്കൃത എണ്ണയ്ക്കായി പ്രധാനമായും ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എണ്ണവില വർധന പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ആഗോള വിപണിയിൽ ക്രൂഡ് വില ബാരലിന് 105-110 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.
ഒക്ടോബറിലെ പണനയ സമിതി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് തുടർച്ചയായ നിരക്ക് വർധനയ്ക്കുള്ള സാധ്യത ചർച്ചയായത്.






