
തിരുവനന്തപുരം: ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടമാണ് ഇതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് രംഗത്തെ വലിയ മാറ്റത്തിനായി കൂട്ടായ പരിശ്രമം നടത്തി. പുതിയ തസ്തികകള്‍, പുതിയ പ്രോജക്ടുകള്‍ അങ്ങനെ വലിയ വികസനം നടത്താനായി. ആയുഷ് മിഷന്‍ വഴി മുമ്പ് 23 കോടിയായിരുന്ന തുക ഇപ്പോളത് 210 കോടിയിലേക്ക് വര്‍ധിപ്പിക്കാനായി. പുതിയ ആശുപത്രികള്‍ സാധ്യമാക്കാനായി. വെല്‍നസിനും ചികിത്സയ്ക്കും പ്രാധാന്യം നല്‍കി. 14 ജില്ലകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തുടനീളം ആരംഭിച്ച 46 ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗവേഷണ രംഗത്ത് വലിയ പ്രാധാന്യം നല്‍കി. ജനുവരിയില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം പ്രവര്‍ത്തനസജ്ജമാക്കാന്‍ കഴിയും. ആയുഷ് സ്ഥാപനങ്ങളില്‍ മുമ്പ് സ്റ്റാന്റഡൈസേഷന്‍ ഉണ്ടായിരുന്നില്ല. 250 ആയുഷ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകരമായ എന്‍എബിഎച്ച് അംഗീകാരം ലഭ്യമാക്കാനായി. അടുത്ത 250 സ്ഥാപനങ്ങള്‍ എന്‍എബിഎച്ച് നിലവാരത്തിലേക്ക് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. 10,000 ആയുഷ് യോഗ ക്ലബ്ബുകള്‍ സ്ഥാപിച്ചു.
2 കോടി രൂപ ചെലവിലാണ് ഫിസിയോതെറാപ്പി യൂണിറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25 ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21 ആശുപത്രികളിലുമാണ് പുതുതായി ഫിസിയോതെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങള്‍ക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിവരുടെ സേവനവും ഓരോ യൂണിറ്റിലും ഉറപ്പാക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാകും. രോഗികള്‍ക്ക് കൂടുതല്‍ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ മറ്റൊരു സാക്ഷാത്ക്കാരം കൂടിയാണിത്.
നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എംപി ബീന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടിഡി ശ്രീകുമാര്‍, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസം പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിങ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, ഭാരതീയ ചികിത്സ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. ഷീജ വി.പി., ഹോമിയോപ്പതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രിയദര്‍ശിനി വി.കെ., നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ആര്‍ ജയനാരായണന്‍, തിരുവനന്തപുരം ഹോമിയോപ്പതി ഡിഎംഒ പ്രിന്‍സി സെബാസ്റ്റ്യന്‍, തിരുവനന്തപുരം ഐഎസ്എം ഡിഎംഒ മിനി എസ് പൈ എന്നിവര്‍ പങ്കെടുത്തു.