
തിരുവനന്തപുരം: സംസ്ഥാനത്ത് ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 61ൽ നിന്ന് 53 ആയി ലാഭ സ്ഥാപനങ്ങൾ കുറഞ്ഞെങ്കിൽ ഇത്തവണ 60 ആയി വർധിച്ചു. 63 സ്ഥാപനങ്ങൾ നഷ്ടത്തിലാണ്. കഴിഞ്ഞ തവണ ലാഭത്തിൽ നാലാം സ്ഥാനത്തായിരുന്ന കെഎസ്ഇബിയാണ് (571 കോടി) ഇക്കുറി ഒന്നാമതെത്തിയത്.
ഇത്തവണയും കെഎസ്എഫ്ഇ (375 കോടി) രണ്ടാം സ്ഥാനത്തും ബവ്റിജസ് കോർപറേഷൻ (127 കോടി) മൂന്നാം സ്ഥാനത്തുമാണ്. കേരള ഫിനാൻഷ്യൽ കോർപറേഷൻ (98 കോടി) നാലാം സ്ഥാനത്തും കെഎസ്ഐഡിസി (64 കോടി) അഞ്ചാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ തവണ ലാഭത്തിൽ ഒന്നാമതായിരുന്ന കെടിഡിഎഫ്സി ഇത്തവണ നഷ്ടത്തിൽ 44–ാം സ്ഥാനത്താണ്.
നഷ്ടത്തിൽ മുന്നിൽ കെഎസ്ആർടിസിയാണ് (1580 കോടി). കഴിഞ്ഞ തവണ നഷ്ടത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു. സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി (669 കോടി), ജല അതോറിറ്റി (317 കോടി), പിന്നാക്ക വികസന കോർപറേഷൻ (139 കോടി), കേരള ഓട്ടമൊബീൽസ് (125 കോടി) എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തിൽ 2 മുതൽ 5 വരെ സ്ഥാനത്ത്.
നിയമസഭയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സമർപ്പിച്ച ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രൈസസിന്റെ റിപ്പോർട്ടിലേതാണ് ഇൗ കണക്ക്. എല്ലാ സ്ഥാപനങ്ങളും ചേർന്ന് വരുത്തിയ നഷ്ടം 1,976 കോടി രൂപയാണ്. മുൻ വർഷം ഇത് 5,789 കോടി രൂപയായിരുന്നു.
5 സ്ഥാപനങ്ങൾ ചേർന്നാണ് ആകെ ലാഭത്തിന്റെ 87 ശതമാനവും നേടിയത്. 10 സ്ഥാപനങ്ങൾ ചേർന്നു വരുത്തിയതാണ് ആകെ നഷ്ടത്തിന്റെ 90 ശതമാനവും. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ആസ്തി 30,230 കോടി രൂപയാണ്. പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും അനാവശ്യച്ചെലവ് ഒഴിവാക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്.






