
തിരുവനന്തപുരം: സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന് വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള (ഡി യു കെ) തയ്യാറാക്കിയ മൊബൈൽ, വെബ് ആപ്ലിക്കേഷനുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ആപ്ലിക്കേഷൻ ഫോർ ഇന്റലിജന്റ് ഡാറ്റ എഞ്ചിനീയറിംഗ് ആൻഡ് അനലറ്റിക്സ് (എഐഡിഇഎ)എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ www.aidea.kerala.gov.in എന്ന വെബ് വിലാസത്തിൽ ലഭ്യമാകും.
മൊബൈൽ ആപ്ലിക്കേഷൻ എഐഡിഇഎ എന്ന പേരിലും ലഭിക്കും.സംസ്ഥാനത്തെ ഔദ്യോഗിക സ്ഥിതിവിവര കണക്കുകൾ കൈകാര്യം ചെയ്യുന്ന ഏജൻസി എന്ന നിലയിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് നടപ്പിലാക്കുന്ന വിവിധങ്ങളായ സർവെകൾ, ഡാറ്റ ശേഖരണ പ്രക്രിയകൾ എന്നിവ ഈ ആപ്ലിക്കേഷനിലൂടെ സുഗമമായി നടപ്പിലാക്കുന്നതിനും ശേഖരിക്കുന്ന ഡാറ്റയുടെ കൃത്യത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനും കൂടാതെ ആസൂത്രണത്തിന് വേണ്ട വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും സാങ്കേതിക വിദ്യയിലൂടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും സാധ്യമാകും.
സംസ്ഥാനത്തെ കാർഷിക സ്ഥിതിവിവര കണക്കുകൾ ശേഖരിക്കുന്നതിന് വേണ്ടി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടപ്പിലാക്കുന്ന കാർഷിക സർവേയുടെ ഫീൽഡ് തലത്തിലെ ഡേറ്റ മൊബൈൽ ആപ്ലിക്കേഷൻ മുഖേന ശേഖരിച്ച് വെബ് പോർട്ടൽ വഴി മോണിട്ടറിംഗ്, റിപ്പോർട്ട് തയ്യാറാക്കൽ എന്നിവ സാധ്യമാക്കുന്നതിന് വേണ്ട ഇഎആർഎഎസ് മൊഡ്യൂൾ ആണ് എഐഡിഇഎ ആപ്ലിക്കേഷന്റെ ഭാഗമായി ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. ഭാവിയിൽ വകുപ്പ് ദൈനംദിനം ശേഖരിക്കുന്ന വിവിധയിനം സാധനങ്ങളുടെ വില വിവരങ്ങൾ ഉൾപ്പെടെ മാർക്കറ്റിൽ നിന്നും ലഭ്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് യഥാസമയം അനലിറ്റിക്സ് ഉൾപ്പെടെ ലഭിക്കുന്നതിനും വേണ്ട മൊഡ്യൂളും എഐഡിഇഎ ആപ്ലിക്കേഷന്റെ നേരിട്ട് ഭാഗമായി തയ്യാറാക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് നടന്ന ആപ്ലിക്കേഷൻ ലോഞ്ച് ചടങ്ങിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പിൽ നിന്നും സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ മാധവൻ, അഡീഷണൽ സെക്രട്ടറി ലതാകുമാരി എം ബി എന്നിവരും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിൽ നിന്ന് ഡയറക്ടർ ജി എസ് രജത്, അഡീഷണൽ ഡയറക്ടർമാരായ രശ്മി സി പി, ഷൈലമ്മ കെ, ശാലിനി പി കെ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സാം ജോസഫ്, ജോയിന്റ് ഡയറക്ടർ ഗോപകുമാർ എസ്, ഡെപ്യൂട്ടി ഡയറക്ടർ ഡി എസ്. ഷിബു കുമാർ എന്നിവരും ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിൽ നിന്നും പ്രൊഫ. പ്രദീപ് കുമാർ, ഉമാ ശങ്കർ, വിമൽ ഡി കുമാർ, ആദർശ്, സ്മിത എന്നിവരും പങ്കെടുത്തു.






