
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സിനിമ, ‘ലോക ചാപ്റ്റർ-1 ചന്ദ്രയുടെ’ 200 കോടി നേട്ടം, മലയാള സിനിമാ ലോകത്തിനാകെ ഒരു പുത്തനുണർവ്വ് നൽകിയിട്ടുണ്ട്. നഷ്ടക്കണക്കുകളിൽ നിന്ന് എങ്ങനെ കരകയറാം എന്ന് ചിന്തിക്കുന്ന നമ്മുടെ സിനിമാ മേഖലയിൽ താമസംവിനാ നടപ്പിൽ വരുത്തേണ്ട കാതലായ ചില മാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകളും ഈ വിജയം മുന്നോട്ട് വക്കുന്നുണ്ട്.
ആഗോള തലത്തിൽ ഗ്രോസ് കളക്ഷൻ 100 കോടിക്ക് മുകളിൽ നേടുന്ന 12 ആമത്തെയും, 200 കോടിക്ക് മുകളിൽ നേടുന്ന 4ആമത്തെയും മലയാള സിനിമയാണ് ലോക ചാപ്റ്റർ-1 ചന്ദ്ര.
175 കോടിയിലധികം മുതൽ മുടക്കി നിർമ്മിച്ച് 268 കോടിയോളം നേടിയ എൽ-2 എമ്പുരാൻ, 20 കോടി മുടക്കി 242 കോടി നേടിയ മഞ്ഞുമ്മൽ ബോയ്സ്, 28 കോടി മുടക്കി 235 കോടി നേടിയ തുടരും എന്നിവയാണ് 200 കോടി ക്ലബ്ബിലെ മറ്റ് മലയാളം സിനിമകൾ. റിലീസ് ചെയ്ത് വെറും 13 ദിവസത്തിനകം 200 കോടി കടന്ന ലോക, ഏറ്റവും വേഗത്തിൽ ഈ ബെഞ്ച്മാർക്ക് നേടുന്ന രണ്ടാമത്തെ മലയാള സിനിമയുമാണ്. ഹോളിവുഡ് നിലവാരം പുലർത്തുന്ന സാങ്കേതിക മികവോടെ, ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പർ ഹീറോ സിനിമയായ ലോക ചാപ്റ്റർ-1 നിർമ്മിക്കാൻ വെഫെയറർ സിനിമാസ് മുടക്കിയത് വെറും കോടി രൂപ മാത്രമാണ്.
വൻ മുതൽ മുടക്കിൽ സൂപ്പർ താരങ്ങളെ വരെ അണിനിരത്തി ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിക്കുമ്പോഴും നഷ്ടം നേരിടുന്ന അന്യഭാഷാ നിർമ്മാതാക്കളെ ഈ കണക്ക് ഞെട്ടിച്ചു എന്ന് തന്നെ പറയണം. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലെ പ്രമുഖ നിർമ്മാതാക്കളും അഭിനേതാക്കളും നടത്തിയ പ്രതികരണങ്ങൾ ഇക്കാര്യം അടിവരയിടുന്നുണ്ട്. 2024 ൽ മഞ്ഞുമ്മൽ ബോയ്സ് തുടങ്ങി വച്ച 200 കോടി വേട്ട ലോകയിലെത്തുമ്പോൾ മലയാള സിനിമാ നിർമ്മാണ-വിതരണ മേഖലയിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുന്നത് വ്യക്തമാണ്.
പാൻ- ഇന്ത്യൻ വിതരണ മാതൃക
ഒരു പാന്‍-ഇന്ത്യൻ വിതരണ മാതൃക രൂപപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. കർണാടകയിൽ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധയും, ആന്ധ്ര-തെലങ്കാനകളിൽ സിതാര എന്റർടൈൻമെന്റ്സും ഈ ചിത്രം വിതരണത്തിനെടുത്തത് ഇത്തരം നീക്കത്തിന്റെ തെളിവാണ്. റിലീസിന് ശേഷം വെറും 4 ദിവസത്തിനുള്ളിൽ തന്നെ നിർമ്മാണച്ചിലവ് തിരിച്ചു പിടിക്കാൻ ചിത്രത്തിനായി എന്നത് ഈ മാതൃകയുടെ സാമ്പത്തിക വിജയ സാധ്യതയേ ഊട്ടിയുറപ്പിക്കുന്നു. എമ്പുരാൻ ഉൾപ്പെടെയുള്ള പല സിനിമകളുടെയും നിർമ്മാതാക്കൾ പ്രാദേശിക ബാനറുകളുമായുള്ള ഇത്തരം ചില സഹകരണ ശ്രമങ്ങൾ മുൻപ് നടത്തിയെങ്കിലും അതൊന്നും വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സമീപനം വഴി വരും നാളുകളിൽ കൂടുതൽ മലയാള സിനിമകൾക്ക് പാന്‍-ഇന്ത്യ വിപണിയിൽ എത്താൻ സാധിക്കും എന്നത് ലോകയുടെ വിജയം തെളിയിക്കുന്നു.
സാഹിത്യ-സിനിമാ സങ്കലനത്തിന്റെ പുത്തൻ ശൈലി
മലയാള സിനിമാ പ്രേക്ഷകർക്ക് ഇത്തരം വേറിട്ട കഥാകഥന രീതി പുതുമയല്ല. എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ പല സാഹിത്യകാരന്മാരും ഇത്തരത്തിൽ കേട്ട് പഴകിയ കഥകളെ പുനരാഖ്യാനം ചെയ്തിട്ടുണ്ട്. ചതിയൻ ചന്തുവിന്റെ വേറിട്ട കഥ ‘ഒരു വടക്കൻ വീരഗാഥയിലൂടെ’ എം.ടി പറഞ്ഞപ്പോൾ നമ്മൾ അതിനെ അനൽപമായ കൗതുകത്തോടെ സ്വീകരിച്ചിരുന്നു. കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയെ ചന്ദ്രയിലൂടെ ആധുനിക വാമ്പയർ സങ്കല്പത്തിലേക്ക് പറിച്ചു നടുന്നത് വഴി ഡൊമിനിക് അരുൺ തെളിയിക്കുന്നതും കഥപറച്ചിലിന്റെ ഇത്തരം വേറിട്ട മാതൃകകൾക്ക് ആഗോള സ്വീകാര്യത ലഭിക്കും എന്ന് തന്നെയാണ്. മലയാളത്തിന്റെ സ്വദേശി കഥാപാത്രങ്ങളും, സാംസ്കാരിക ഘടകങ്ങളും ഉപയോഗിച്ച് രാജ്യവ്യാപകമായ അംഗീകാരം നേടാൻ നവസംവിധായകർക്ക് സാധിക്കും എന്ന് ലോകയുടെ വിജയം തെളിയിക്കുന്നു. കാലങ്ങളായി തുടരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സിനിമാ സങ്കൽപ്പങ്ങൾക്ക് മുതൽമുടക്ക് കുറവാണെങ്കിലും വിജയ സാധ്യതയും പരിമിതമാണ്. അവിടെയാണ് മാർവലും, ഡിസ്നിയുമൊക്കെ പണ്ടേ അവലംബിച്ച് വിജയിപ്പിച്ച ശൈലിയിൽ സാർവത്രികമായ ആശയങ്ങളെയും, പ്രാദേശികമായ നാടോടി കഥാഘടകങ്ങളെയും സംയോജിപ്പിക്കുന്നതിന്റെ പ്രാധാന്യം ലോക വെളിവാക്കുന്നത്. ലോകത്തിലെ ഏറ്റവും വൈവിധ്യമാർന്ന ഐതിഹ്യങ്ങളും, പുരാണങ്ങളും നിറഞ്ഞ ഭാരത സംസ്കാരത്തിൽ ഇത്തരത്തിലുള്ള സിനിമകൾക്ക് രൂപം നൽകാൻ ഉതകുന്ന നിരവധി കഥകൾ ഇനിയും ഒളിച്ചിരിപ്പുണ്ടാകും എന്നതുറപ്പ്. നാടോടികഥകളും, മിത്തുകളും നിറഞ്ഞ കേരളത്തിലും സ്ഥിതി വ്യത്യസ്തമാകില്ല എന്നതുറപ്പ്. സാമൂഹ്യ വിമർശനങ്ങൾക്കിടയിലും, ഈ സൃഷ്ടിപരമായ സ്വാതന്ത്ര്യം സമർത്ഥമായി വിനിയോഗിക്കുന്നവർ മലയാള സിനിമയുടെ ഭാവി രൂപരേഖകൾ നിർണ്ണയിക്കുമെന്ന് പ്രതീക്ഷിക്കാം.
സാങ്കേതികതയുടെ ‘ലോക’ നിലവാരം
ആധുനിക ദൃശ്യ-സാങ്കേതിക സങ്കേതങ്ങളുടെ ഫലപ്രദമായ വിനിയോഗം ലോകയുടെ തിയേറ്റർ കാഴ്ചാനുഭവം മികച്ചതാക്കുന്നുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയുടെ വശ്യതയും, ബാംഗ്ലൂർ നഗരത്തിന്റെ തിരക്കും, ജർമ്മനി പോലുള്ള ചില വിദേശ രാജ്യങ്ങളുടെ ദൃശ്യഭംഗിയും മനോഹരമായി ഒപ്പിയെടുക്കാൻ ലോകയുടെ അണിയറ പ്രവർത്തകർക്ക് ആയിട്ടുണ്ട്. എഡിറ്റിംഗ്, സംഗീതം, സംഘട്ടനം എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ സാങ്കേതിക മികവ് നിറയുന്നുണ്ട്. താരങ്ങളുടെ പ്രതിഫലത്തെക്കാൾ, സാങ്കേതിക മികവിന് മുടക്കുന്ന തുക വലിയ ലാഭം നേടിത്തരും എന്ന സത്യം ലോക ഉറക്കെ പ്രഖ്യാപിക്കുന്നു. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് അപ്പുറം തിയേറ്റർ കാഴ്ച ആവശ്യപ്പെടുന്ന ഇത്തരം സിനിമകൾ തങ്ങളുടെ വരുമാനം ഉയർത്തും എന്നത് തിയേറ്റർ ഉടമകളെയും ആവേശത്തിലാക്കുന്നു.
വ്യത്യസ്തരാകുന്ന നിർമ്മാതാക്കൾ മുൻകാലങ്ങളിൽ പരീക്ഷിച്ചുറപ്പിച്ച വിജയ ഫോർമുലകൾ പിന്തുടരുക എന്നതാണ് പൊതുവെ മലയാള സിനിമാ ലോകത്തെ രീതി. പ്രമുഖ താരങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി, പൊളിറ്റിക്കൽ കറക്ഷന് വേണ്ടി കഥയിലെ ഏറ്റവും ചെറിയ കണികയും സൂഷ്മദർശിനിയിലൂടെ നിരീക്ഷിക്കുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന തിരക്കഥയൊരുക്കി, പ്രബുദ്ധ മലയാളിയുടെ ബൗദ്ധിക നിലവാരത്തെയും, മത-സാമൂഹിക നിലപാടുകളെയും ചോദ്യം ചെയ്യാതെ ഇറക്കുന്ന സിനിമകളാണ് സുരക്ഷിതം എന്ന ധാരണ മിക്ക നിർമ്മാതാക്കളും പുലർത്തുന്നുണ്ട്. ഇത്തരം ധാരണകളെ പൊളിച്ചെഴുതിയ ചില സിനിമകൾ അടുത്തകാലത്ത് നേടിയ വലിയ വിജയങ്ങൾ ലോകയിലും പ്രസക്തമാണ്. നടൻ എന്നതിനപ്പുറം നിർമ്മാണത്തിലും തന്റെ മികവ് പുലർത്താൻ ലോകയിലൂടെ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്.
പ്രമേയം, കഥാപാത്രങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യത്യസ്തത പുലർത്തുന്ന ഒരു പരീക്ഷണ ചിത്രത്തിനായി ഇത്രയും തുക ചിലവിടാൻ തയ്യാറായ നിർമ്മാതാക്കളാണ് ലോകയുടെ നട്ടെല്ല്. അതും സംവിധാനം ചെയ്ത ആദ്യ സിനിമ പരാജയപ്പെട്ട ശേഷം വർഷങ്ങളായി വേറെ ഒരു സിനിമയും ചെയ്യാത്ത ഒരു സംവിധായകന് വേണ്ടി. മാത്രല്ല സ്ത്രീകേന്ദ്രീകൃത സിനിമകൾ വലിയ സാമ്പത്തിക വിജയം നേടാൻ സാധ്യത കുറവുള്ള ഒരു വിപണിയിൽ, കല്യാണിയേപ്പോലെ ചുരുക്കം ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ള താരത്തെ കേന്ദ്ര കഥാപാത്രമാക്കി. ചിത്രത്തിന്റെ ലാഭവിഹിതം അണിയറ പ്രവർത്തകർക്ക് വീതിച്ചു നൽകും എന്ന ദുൽഖർ സൽമാന്റെ പ്രഖ്യാപനവും ഇതോടൊപ്പം ചേർത്ത് വായിക്കണം. ഈ ധൈര്യം മലയാള സിനിമാ വിപണിയിൽ പുതിയ നിക്ഷേപങ്ങൾക്കും, പ്രവണതകൾക്കും വഴിതെളിക്കും എന്നതുറപ്പ്.
തുടരുന്ന ആശങ്കകൾ
കോവിഡിന് ശേഷം ഓരോ വർഷവും ശരാശരി 150 ന് മുകളിൽ മലയാള സിനിമകൾ റിലീസ് ചെയുന്നുണ്ട്. 2024 ൽ മാത്രം 230 മലയാള സിനിമകളാണ് പുറത്തിറങ്ങിയത്. ഇതിൽ മികച്ച വിജയം നേടാനായത് 20 ൽ താഴെ സിനിമകൾക്കാണ്. നിർമ്മാതാവിന് നഷ്ടം വരുത്താത്ത സിനിമകളുടെ എണ്ണമെടുത്താലും 40 ൽ അധികം വരില്ല. ഇവിടെ ലോക എന്ന യൂണിവേഴ്സും, അതിലെ ആദ്യ ചിത്രമായ ചന്ദ്രയും ലാഭകരമായി ഒരു സിനിമ ഇറക്കുന്നതിന് എത്രത്തോളം മുന്നൊരുക്കങ്ങൾ വേണമെന്ന് കൂടി പറയുന്നുണ്ട്.
ലോകയുടെ ബാക്കി ഭാഗങ്ങൾ കൂടി പൂർത്തിയാകുമ്പോൾ ഒരുപക്ഷേ പരിമിത ബജറ്റുകളിൽപോലും മികച്ച സിനിമാറ്റിക് അനുഭവം സൃഷ്ടിക്കാനും, വിജയം നേടാനുമുള്ള പുതിയ ഫോർമുലകൾ രൂപപ്പെട്ടേക്കാം. സമാന്തരമായി സഞ്ചരിക്കുന്ന മറ്റ് നിർമ്മാതാക്കൾ ഇതിനേക്കാൾ വിജയിക്കുന്ന മാതൃകകൾ രൂപപ്പെടുത്താനും സാധ്യതയുണ്ട്. ഒരു വർഷം ഇറങ്ങുന്ന സിനിമകളിൽ 15 ശതമാനത്തിൽ താഴെ മാത്രം വിജയിക്കുന്ന ഒരു ബിസിനസ്സ് മോഡലിൽ നിന്ന് 15 ശതമാനത്തിൽ താഴെ മാത്രം പരാജയങ്ങൾ ഉള്ള ഒന്നിലേക്ക് മാറാൻ ലോകയുടെ വിജയം നിർമ്മാതാക്കൾക്ക് പ്രേരണ നൽകും എന്ന് പ്രതീക്ഷിക്കാം.