
കൊച്ചി: ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ പ്രാഥമിക ഓഹരി വില്‍പ്പന(ഐ.പി.ഒ) രംഗം വീണ്ടും സജീവമാകുന്നു.
സാമ്പത്തിക മേഖലയിലെ ഉണർവിന്റെ പശ്ചാത്തലത്തില്‍ ബിസിനസ് വിപുലീകരണത്തിനായി ആഗോള കമ്പനികള്‍ മുതല്‍ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകള്‍ വരെ ഓഹരി വില്‍പ്പന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ്.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ മറികടന്നും ഇന്ത്യൻ വിപണിയിലുണ്ടായ കുതിപ്പാണ് ഐ.പി.ഒ നടപടികള്‍ക്ക് ആവേശം പകരുന്നത്. നടപ്പു മാസം പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ(ഐ.പി.ഒ) 22,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഡിസംബറിന് ശേഷം ഇതാദ്യമായാണ് ഐ.പി.ഒ വിപണി ഇത്രയേറെ സജീവമാകുന്നത്.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഉപകമ്പനിയായ എച്ച്.ഡി.ബി ഫിനാൻഷ്യല്‍ സർവീസസിന്റെ പ്രാരംഭ ഓഹരി വില്‍പ്പന വൻ വിജയമായതോടെയാണ് കൂടുതല്‍ കമ്പനികള്‍ ഐ.പി.ഒയ്ക്ക് തയ്യാറെടുക്കുന്നത്.
രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ റീട്ടെയില്‍ സ്ഥാപനമായ മീഷോ കഴിഞ്ഞ വാരം ഐ.പി.ഒയ്ക്കായി കരട് ഡോക്യുമെന്റുകള്‍ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്ചേഞ്ച് ബോർഡില്‍(സെബി) സമർപ്പിച്ചു. ഓഹരികള്‍ വിറ്റഴിച്ച് 4,250 കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കാനാണ് മീഷോ ഒരുങ്ങുന്നത്.
പൈൻ ലാബ്‌സ്, ഷാഡോഫാക്‌സ്, വേക്ക്ഫിറ്റ്, കുവർഫുഡ്‌സ് എന്നിവയും പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സെബിയില്‍ നിന്ന് അനുമതി തേടിയിട്ടുണ്ട്. ആഗോള ധനകാര്യ സ്ഥാപനമായ സോഫ്‌റ്റ്‌ബാങ്കിന്റെ പിന്തുണയുള്ള ലെൻസ്‌കാർട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ഐ.പി.ഒ പേപ്പറുകള്‍ സമർപ്പിക്കും.
ഓഹരി വില്‍ക്കുന്ന വമ്പൻമാർ
- ഫോണ്‍പേ
- എല്‍.ജി ഇലക്‌ട്രോണിക്‌സ്
- ഹീറോ മോട്ടോഴ്‌സ്
- സെപ്‌റ്റോ
- ലെൻസ്‌കാർട്ട്
- ജെ.എസ്.ഡബ്‌ളൃു സിമന്റ്
പ്രതീക്ഷിക്കുന്നത് രണ്ട് ലക്ഷം കോടി രൂപയുടെ വില്‍പ്പന
നടപ്പുവർഷം വമ്പൻമാർ മുതല്‍ ചെറുകിടക്കാർ വരെയുള്ള വിവിധ സ്ഥാപനങ്ങള്‍ ഓഹരി വില്‍പ്പനയിലൂടെ രണ്ട് ലക്ഷം കോടി രൂപ വിപണിയില്‍ നിന്ന് സമാഹരിക്കുമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം സമാഹരിച്ചത് 1.75 ലക്ഷം കോടി
കഴിഞ്ഞ വർഷം ഇന്ത്യയിലെ പ്രാരംഭ ഓഹരി വില്‍പ്പന മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിവിധ കമ്പനികള്‍ ചേർന്ന് 1.75 ലക്ഷം കോടി രൂപയാണ് ഇക്കാലയളവില്‍ വിപണിയില്‍ നിന്ന് സമാഹരിച്ചത്.
ജനുവരി മുതല്‍ ജൂണ്‍ വരെ ഐ.പി.ഒയ്ക്ക് അനുമതി തേടിയത് 123 കമ്പനികള്‍.