
തിരുവനന്തപുരം: പൊതുസേവനം ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ വിപ്ലവത്തിനു വഴിതെളിച്ച കേരളത്തിലെ മൂന്നു പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നു. കെ-സ്മാര്‍ട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയര്‍ എന്നീ മൂന്നുപദ്ധതികളാണ് മറ്റുസംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തിരഞ്ഞെടുത്തിട്ടുള്ളത്. ഈ പദ്ധതികളുടെ രീതിശാസ്ത്രവും നിര്‍വഹണരീതിയും വിശദീകരിച്ചുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രാലയം തദ്ദേശസ്വയംഭരണവകുപ്പിനോട് ആവശ്യപ്പെട്ടു.
വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ജനങ്ങള്‍ക്ക് സുതാര്യവും വേഗത്തിലുമുള്ള സേവനങ്ങള്‍ ലഭ്യമാക്കിയ പദ്ധതികളെന്നനിലയിലാണ് മൂന്നെണ്ണം തിരഞ്ഞെടുക്കപ്പെട്ടതെന്ന് തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍. രാജീവ് പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ മാതൃകാപരമായി പദ്ധതി നടപ്പാക്കിയതിനുള്ള കേന്ദ്രത്തിന്റെ സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ മികച്ച നിര്‍വഹണ മാതൃകയിലുള്ള 26 പദ്ധതികളിലാണ് കേരളത്തില്‍നിന്നുള്ള മൂന്നെണ്ണം.
ഡിജി കേരളം
സംസ്ഥാനത്തെ 14 മുതല്‍ 65 വരെ പ്രായപരിധിയുള്ള മുഴുവന്‍പേരെയും ഡിജിറ്റല്‍ സാക്ഷരരാക്കിയ പദ്ധതി. നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇ-ഗവേണന്‍സ് പ്ലാറ്റ്ഫോം തുടങ്ങിയവ ഉപയോഗിക്കാന്‍ പരിശീലനം നല്‍കി.
പാലിയേറ്റീവ് കെയര്‍
1142 പ്രൈമറി യൂണിറ്റുകളിലായി 2.57 ലക്ഷം രോഗികള്‍ രജിസ്റ്റര്‍ചെയ്തു. ഇതില്‍ 2.30 ലക്ഷം പേര്‍ക്ക് സേവനം ലഭ്യമാക്കുന്നു. വീടുകളില്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം, ഒപി, കെയര്‍ ഹോം, മരുന്ന് തുടങ്ങിയവ ഉറപ്പാക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നിരീക്ഷണവും ഡിജിറ്റല്‍ സാങ്കേതികവിദ്യയിലൂടെ.
കെ-സ്മാര്‍ട്ട്
തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം ഓണ്‍ലൈന്‍വഴി ലഭ്യമാക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം. ഫയല്‍ കുരുക്കും കൈക്കൂലിയും ഒഴിവാക്കി സേവനങ്ങള്‍ സുതാര്യമായി.






