
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായി വിപുലമായ പരിഷ്‌കരണങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. സാമ്പത്തിക-സാമൂഹ്യ മേഖലകളിൽ ആവശ്യമായ പരിഷ്കാരങ്ങള്‍ നിർദേശിക്കുന്നതിന് രണ്ട് അനൗദ്യോഗിക മന്ത്രിതല സമിതികൾക്ക് രൂപം നല്കി. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യഥാക്രമം സാമ്പത്തിക-സാങ്കേതിക, സാമൂഹിക-ക്ഷേമ മേഖലകളിലെ പരിഷ്‌കരണങ്ങൾക്കായുള്ള കമ്മിറ്റികൾക്ക് നേതൃത്വം നൽകും.
അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതിയിൽ ധനമന്ത്രി നിർമല സീതാരാമൻ, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ ഉൾപ്പെടെ 13 അംഗങ്ങളാണുളളത്. റെയ്ൽവേ, ഐടി മന്ത്രി അശ്വിനി വൈഷ്ണവാണ് കൺവീനർ. ധനകാര്യം, വ്യവസായം, വാണിജ്യം, അടിസ്ഥാനസൗകര്യങ്ങൾ, ചരക്ക് നീക്കം, വിഭവങ്ങൾ, ശാസ്ത്ര-സാങ്കേതികം, ഭരണ വ്യവസ്ഥ തുടങ്ങി വിവിധ മേഖലകളിലെ നിയമ-നയപരമായ പരിഷ്‌കരണ അജണ്ട തയ്യാറാക്കുന്നതിലാണ് ഈ സമിതിയുടെ ശ്രദ്ധ.
സാമൂഹിക-ക്ഷേമ മേഖലയിലെ പരിഷ്‌കരണങ്ങൾക്ക് നേതൃത്വം നൽകുന്ന രാജ്നാഥ് സിംഗിന്റെ സമിതിയിൽ 18 അംഗങ്ങളാണുള്ളത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പ്രതിരോധം, നൈപുണ്യ വികസനം, സാമൂഹ്യക്ഷേമം, ഭവനം, തൊഴിൽ, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ മാറ്റങ്ങൾ പഠിക്കുകയും നിർദേശങ്ങളും നൽകുകയും ചെയ്യുകയാണ് സമിതിയുടെ ചുമതല.
റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവർ സമിതിയിലെ അംഗങ്ങളാണ്. തൊഴിൽ, കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് കൺവീനർ.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ “അടുത്ത തലമുറയിലെ പരിഷ്‌കരണങ്ങൾക്കായി കർമസേന രൂപീകരിക്കണം” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ സമിതികൾ രൂപീകരിച്ചിരിക്കുന്നത്.
21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കും ആഗോള സാഹചര്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ നിയമങ്ങളും നയങ്ങളും പുനഃരാഖ്യാനം ചെയ്ത് 2047 ഓടെ ഭാരതത്തെ വികസിത രാജ്യമായി മാറ്റുകയെന്നതാണ് ലക്ഷ്യം.
സമിതികൾ കൈവരിച്ച പുരോഗതി പ്രതിമാസം റിപ്പോർട്ട് ചെയ്യണം. മൂന്ന് മാസത്തിനുള്ളിൽ സംയോജിത പരിഷ്‌കരണ രൂപരേഖ സമർപ്പിക്കാനാണ് നിർദേശം. ഇതിനായുള്ള സെക്രട്ടേറിയറ്റ് പിന്തുണ ധന മന്ത്രാലയത്തിലെ സാമ്പത്തിക വകുപ്പ് നൽകും. ആവശ്യമെങ്കിൽ മന്ത്രിമാരെയും സെക്രട്ടറിമാരെയും വിദഗ്ധരെയും യോഗങ്ങളിൽ ക്ഷണിക്കാൻ അധ്യക്ഷന്മാർക്ക് അധികാരമുണ്ടാകും.
പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പ്രായോഗിക പദ്ധതികൾ നിർദേശിക്കുകയും ചെയ്യുന്നതും സമിതികളുടെ പ്രധാന ചുമതലയാണ്. തൊഴിൽ സാധ്യത വർധിപ്പിക്കാനും ഉത്പ്പാദനക്ഷമത മെച്ചപ്പെടുത്താനും കേന്ദ്ര-സംസ്ഥാന-പ്രാദേശിക തലങ്ങളിൽ നിയമ-നയപരമായ പരിഷ്‌കരണങ്ങൾ നടപ്പാക്കും.
നിലവിലുള്ള ചില നിയമങ്ങൾ റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുന്നതിനൊപ്പം ഡിജിറ്റൽ ഹെൽത്ത്, ഫിൻടെക്, ഗിഗ് ഇക്കോണമി തുടങ്ങിയ ഭാവി മേഖലകൾക്കായുള്ള നിയമ നിർമാണങ്ങളും മുന്നോട്ടു വെക്കാൻ പാനലുകൾക്ക് ചുമതല നൽകിയിട്ടുണ്ട്.
ജിഎസ്ടി സംവിധാനത്തിൽ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പരിഷ്‌കരണങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായാൽ, സംസ്ഥാനങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും തമ്മിലുള്ള ഏകോപനത്തിന് അമിത് ഷാ നേതൃത്വം നൽകും.