
എസ്‌എംഇ വിഭാഗത്തില്‍ പെട്ട ഓഹരികള്‍ വിപണിയില്‍ ബമ്പര്‍ ലിസ്റ്റിംഗ് നേട്ടം നല്‍കുന്ന പ്രവണത തുടരുന്നു. ഇന്നലെ രണ്ട് എസ്‌എംഇ ഓഹരികളാണ് ഐപിഒക്കു ശേഷം അനുവദനീയമായ പരമാവധി നേട്ടത്തോടെ ലിസ്റ്റ് ചെയ്‌തത്.
ഇന്നലെ ടോസ് ദി കോയിന്‍, ജംഗിള്‍ ക്യാമ്പ്‌സ് എന്നീ എസ്‌എംഇ ഓഹരികളാണ് 90 ശതമാനം പ്രീമിയത്തോടെ ലിസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ മാസം 90 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്യുന്ന ഐപിഒകളുട എണ്ണം എട്ട് ആയി.
ടോസ് ദി കോയിനിന്റെ ഐപിഒയ്‌ക്ക് 117 ശതമാനം പ്രീമിയം ഗ്രേ മാര്‍ക്കറ്റിലുണ്ടായിരുന്നു. 9.17 കോടി രൂപ സമാഹരിക്കാനായി നടത്തിയ ഐപിഒ 1025 മടങ്ങാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. ഗ്രേ മാര്‍ക്കറ്റില്‍ 83 ശതമാനം പ്രീമിയമാണ് ജംഗിള്‍ ക്യാമ്പസിനുണ്ടായിരുന്നത്. 94.58 മടങ്ങാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
തിങ്കളാഴ്ച്ച ലിസ്റ്റ് ചെയ്‌ത ധനലക്ഷ്‌മി ക്രോപ് സയന്‍സും 90 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്‌തത്. എമറാള്‍ഡ് ടയര്‍ മാനുഫാക്‌ചറര്‍, ഗണേഷ് ഇന്‍ഫ്രാ വേള്‍ഡ്, അപെക്‌സ് ഇകോടെക്, രാജ്‌പുതാന ബയോഡീസല്‍, രാജേഷ് പവര്‍ സര്‍വീസ് എന്നിവയാണ് ഈ മാസം 90 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ് ചെയ്‌ത മറ്റ് എസ്‌എംഇ ഐപിഒകള്‍.
പരമാവധി 90 ശതമാനം പ്രീമിയത്തോടെ മാത്രമേ എസ്‌എംഇ ഐപിഒകള്‍ ലിസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്ന് നിബന്ധനയുണ്ട്. എസ്‌എംഇ ഐപിഒ വിപണിയില്‍ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലുള്ള അമിതമായ വ്യാപാരം നടക്കുന്ന സാഹചര്യത്തിലാണ് ഈ നിബന്ധന കൊണ്ടുവന്നത്.






