
തിരുവനന്തപുരം: ക്ഷേമ രംഗങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം ചെലവഴിച്ച സർക്കാരാണ് കേരളത്തിലേതെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. നാളിതുവരെ ക്ഷേമപെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48,383.83 കോടിയാണെന്നും 62 ലക്ഷം ജനങ്ങൾക്ക് എല്ലാ മാസവും മുടക്കമില്ലാതെ 2000 രൂപ വീതം സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നുവെന്നും അദ്ദേഹം സഭയിൽ പറഞ്ഞു.
ഈ സർക്കാർ കാലാവധി പൂർത്തിയാകുമ്പോഴേക്കും 54,000 കോടി രൂപ ക്ഷേമപെൻഷനായി ജനങ്ങളുടെ കൈയിലെത്തിച്ചിരിക്കുമെന്ന ഉറപ്പും മന്ത്രി നൽകി. 50,000 കോടി രൂപ ക്ഷേമപെൻഷനായി കേരളത്തിലെ സാധാരണക്കാർക്ക് നൽകിയ സർക്കാരാണിതെന്നും ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്രയും സുസ്ഥിരവും വിശ്വാസ യോഗ്യവുമായ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി ഇല്ലെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
ഒന്നും രണ്ടും പിണറായി സർക്കാരുകൾ 10 വർഷം കൊണ്ട് ക്ഷേമപെൻഷനായി നൽകിയത് 90,000 കോടി രൂപയാണെന്നും അദ്ദേഹം സഭയെ അറിയിച്ചു. 2026-27 വർഷത്തേക്ക് ക്ഷേമപെൻഷൻ വിതരണത്തിന് 14,500 കോടിരൂപ വകയിരുത്തുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു.
അതേസമയം ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതുവരെ പൂർത്തീകരിച്ചത് 5,25,000 വീടുകളാണെന്നും ധനമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകിയെന്നും മന്ത്രി അറിയിച്ചു.




