
തിരുവനന്തപുരം: ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ-ടൗണ്‍ഷിപ് പദ്ധതിയായ ക്വാഡില്‍ ഉള്‍പ്പെടുത്തി ടെക്നോപാര്‍ക് ഫേസ്-4 (ടെക്നോസിറ്റി, പള്ളിപ്പുറം) കാംപസില്‍ നിര്‍മിക്കുന്ന രണ്ടാമത്തെ ഐടി ഓഫീസ് കെട്ടിടത്തിനായി കരാറുകാരില്‍ നിന്ന് ടെക്നോപാര്‍ക് താത്പര്യ പത്രം (ഇഒഐ) ക്ഷണിച്ചു. ഓഫീസിന്‍റെയും വാണിജ്യ സമുച്ചയത്തിന്‍റെയും നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും യോഗ്യതയുള്ള സഹ-ഡെവലപ്പര്‍മാരില്‍ നിന്നാണ് ഇഒഐ ക്ഷണിച്ചിട്ടുള്ളത്. 30 ഏക്കര്‍ വിസ്തൃതിയുള്ള നോണ്‍-എസ്.ഇ.ഇസെഡ് ഇന്‍റഗ്രേറ്റഡ് ഐടി മൈക്രോ-ടൗണ്‍ഷിപ്പായി വിഭാവനം ചെയ്തിരിക്കുന്ന ക്വാഡ് രണ്ട് ഐടി ടവറുകള്‍, ഒരു വാണിജ്യ സമുച്ചയം, ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്സ് എന്നിവ ഉള്‍പ്പെടുന്നതാണ്. രണ്ടാമത്തെ ഐടി കെട്ടിടത്തിന്‍റെയും വാണിജ്യ സമുച്ചയത്തിന്‍റെയും നിര്‍മാണത്തിനുള്ളതാണ് നിലവിലെ ഇഒഐ. ഏകദേശം 800,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 4.50 ഏക്കറില്‍ ഐടി കെട്ടിടം വികസിപ്പിക്കും. 7 എഫ്എആര്‍ (ഫ്ളോര്‍ ഏരിയ റേഷ്യോ) നിരക്കില്‍ 1.35 ദശലക്ഷം ചതുരശ്ര അടി വരെ വികസിപ്പിക്കാന്‍ കഴിയും. 5.60 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ചയം ഏകദേശം 900,000 ചതുരശ്ര അടി സ്ഥലം വാഗ്ദാനം ചെയ്യുന്നു. 7 എഫ്എആര്‍ നിരക്കില്‍ 1.7 ദശലക്ഷം ചതുരശ്ര അടി വരെ വികസിപ്പിക്കാന്‍ കഴിയും.
രണ്ടാമത്തെ ഐടി കെട്ടിടം ദീര്‍ഘകാല അടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കും. ഇത് സഹ-ഡെവലപ്പര്‍മാര്‍ക്ക് ടെക്നോപാര്‍ക് പോലെ പ്രധാനപ്പെട്ട ഐടി ആവാസവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കാനും ഐടി/ഐടിഇഎസ് കമ്പനികളെ ആകര്‍ഷിക്കാനും അവസരമൊരുക്കും. നിലവില്‍ ഏകദേശം 125 കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ സ്ഥലത്തിനായി കാത്തിരിക്കുന്നുണ്ട്. 500-ൽ അധികം കമ്പനികള്‍, 80,000-ൽ അധികം ജീവനക്കാര്‍, 12.72 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി സ്ഥലം എന്നിവയുള്ള ടെക്നോപാര്‍ക് ഭാവിക്ക് അനുയോജ്യമായ ഐടി ലക്ഷ്യസ്ഥാനമായി നിലകൊള്ളുന്നു. സി പി കുക്രേജ & അസോസിയേറ്റ്സിന്‍റെ സമഗ്ര മാസ്റ്റര്‍ പ്ലാനില്‍ ഏകദേശം 390 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ടെക്നോസിറ്റി തിരുവനന്തപുരത്തിന്‍റെ ഐടി/ഐടിഇഎസ്, ഗ്ലോബല്‍ കപ്പാസിറ്റി സെന്‍ററുകള്‍ (ജിസിസി), ഗവേഷണ വികസനം, നവീകരണ നേതൃത്വത്തിലുള്ള വ്യവസായങ്ങള്‍ എന്നിവയ്ക്കുള്ള പ്രധാന വളര്‍ച്ചാ എഞ്ചിനായി വിഭാവനം ചെയ്യപ്പെടുന്നു. ക്വാഡ്, ജിസിസി ക്ലസ്റ്ററുകള്‍, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, എമര്‍ജിംഗ് ടെക്നോളജി ഹബ്, കേരള സ്പേസ് പാര്‍ക്ക്, സിഎഫ്എസ്എല്‍ തുടങ്ങിയ നാഴികക്കല്ലായ സംരംഭങ്ങളും അനുബന്ധ പദ്ധതികളും ഇതിന് അടിത്തറയിടുന്നു. ടെക്നോപാര്‍ക്കിന്‍റെ 5.5 ഏക്കറില്‍ ഏകദേശം 850,000 ചതുരശ്ര അടി ഓഫീസ് സ്ഥലത്തില്‍ ക്വാഡിന് കീഴിലുള്ള ആദ്യത്തെ ഐടി കെട്ടിടത്തിന്‍റെ നിര്‍മാണം 2026 ജനുവരിയില്‍ ആരംഭിക്കും. സി പി കുക്രേജ ആന്‍ഡ് അസോസിയേറ്റ്സ് പ്രോജക്ട് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍റും മെസ്സേഴ്സ് സി സി സി എല്‍ നിര്‍മാണ ഏജന്‍സിയുമായി പ്രവര്‍ത്തിക്കും. സഹ ഡെവലപ്പര്‍മാര്‍ക്കായുള്ള പ്രീ-ബിഡ് മീറ്റിംഗ് ഇന്ന് വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായും ഓഫ് ലൈനായും നടക്കും. 2026 ജനുവരി 5 ആണ് ഇഒഐ അവതരണത്തിനുള്ള തീയതി.






