
കേരള ഐടി ചരിത്രത്തിലെ ആദ്യ പേജില്‍ തന്നെയാണ് തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ സ്ഥാനം. 1990-ല്‍ തുടക്കമിട്ട ഈ സംരംഭം ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്കാണ്. സോഫ്റ്റ്വെയര്‍ എന്ന പേര് മലയാളികള്‍ക്ക് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാലത്താണ് ടെക്‌നോപാര്‍ക് നിലവില്‍ വന്നതെന്നതാണ് ശ്രദ്ധേയം. സര്‍ക്കാരിന്റെ ദീര്‍ഘദര്‍ശനവും വിദ്യാഭ്യാസമുള്ള യുവത്വത്തില്‍ സര്‍ക്കാരിനുണ്ടായിരുന്ന ആത്മവിശ്വാസവുമാണ് ടെക്‌നോപാര്‍ക്കിന് പിന്നില്‍. 150 ഏക്കറില്‍ ആരംഭിച്ച ടെക്നോപാര്‍ക് ഇന്ന് 750 ഏക്കറിലധികമായി വ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ രൂപം കൊണ്ട ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 500-ല്‍ അധികം ഐടി കമ്പനികളും 80,000-ല്‍ അധികം പ്രൊഫഷണലുകളുമുണ്ട്. ഇന്‍ഫോസിസ്, ടിസിഎസ്, ഒറാക്കിള്‍, യുഎസ്ടി ഗ്ലോബല്‍ പോലുള്ള ആഗോള ഭീമന്‍മാര്‍ മുതല്‍ കേരളത്തിലെ ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ വരെ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും ആയിരക്കണക്കിന് കോഡ് ലൈനുകള്‍ എഴുതപ്പെടുന്ന ടെക്‌നോപാര്‍ക്കിലാണ്, കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്‌നം പിറവി കൊണ്ടത്.
ടെക്നോപാര്‍ക് സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ആഴത്തില്‍ സ്വാധീനിച്ചു. യുവജനങ്ങള്‍ക്ക് സ്വദേശത്ത് തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ ലഭിക്കാനുള്ള അവസരവും പദ്ധതി സൃഷ്ടിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതോടൊപ്പം, ടെക്നോപാര്‍ക് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അടിത്തറയായി. തൊഴിലവസരങ്ങള്‍, നികുതി വരുമാനം, റിയല്‍ എസ്റ്റേറ്റ് വളര്‍ച്ച എന്നിവയിലൂടെ നഗരത്തിന്റെ സാമ്പത്തിക ഭൂപടം പൂര്‍ണമായും മാറ്റാനും ടെക്‌നോപാര്‍ക്കിനായി. സാങ്കേതികവിദ്യയെക്കുറിച്ചുള്ള കേരളത്തിന്റെ സമീപനം ടെക്നോപാര്‍ക്കിലൂടെ ജനകീയമായി. ഒരു സര്‍ക്കാര്‍ സംരംഭം എങ്ങനെ പ്രൊഫഷണല്‍ മികവോടെ, മികച്ച രീതിയില്‍ വളരാം എന്നതിന്റെ മാതൃകയായി മാറി. പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍, പ്രകൃതിയോടിണങ്ങിയ ആര്‍ക്കിടെക്ച്ചര്‍, സുസ്ഥിര ഉര്‍ജ്ജനയം എന്നിവയിലൂടെ ഭാവി ഐടി നഗരങ്ങളുടെ മാതൃകയായി. ഓരോ ബിറ്റ് ഡാറ്റയിലും, ഓരോ കോഡ് ലൈനിലും, ഓരോ പ്രൊഫഷണലിന്റെയും സ്വപ്‌നത്തിലും ടെക്നോപാര്‍ക്കുണ്ട്. ഐടി പ്രൊഫഷണലുകള്‍ക്ക് മികച്ച ശമ്പളവും സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ അവരുടെ ആദ്യ ചോയ്‌സായും മാറിയതും ടെക്‌നോപാര്‍ക് തന്നെ.






