ആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപയുപിഐ ഇടപാടുകള്‍ 20 ബില്യണ്‍ കടന്നു; ഫാസ്റ്റ് ഫുഡ്‌, ഇ-കൊമേഴ്സ് ഇടപാടുകള്‍ കുതിച്ചു

ടാറ്റയുടെ ‘ദ് പിയറി ഹോട്ടല്‍’ വില്‍ക്കുന്നു

ടാറ്റ ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി ബിസിനസിന്റെ മുഖമാണ് താജ്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ബിസിനസ് സംരംഭമെന്ന് നിസംശയം പറയാം. എല്ലാം ഏറ്റെടുത്തു വിജയിപ്പിച്ച ചരിത്രമുള്ള ടാറ്റയില്‍ നിന്നു വളരെ വിരളമായി മാത്രമാണ് വില്‍പ്പന വാര്‍ത്തകള്‍ വരാറുള്ളത്. അത്തരത്തില്‍ ഒരു നീക്കമാണ് നിലവില്‍ ബിസിനസ് ലോകത്ത് അലയടിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ടാറ്റ ഗ്രൂപ്പ് സ്വന്തമാക്കിയ ഒരു മികച്ച പ്രോപ്പര്‍ട്ടി നിലവില്‍ വില്‍ക്കുന്നുവെന്നാണ് വാര്‍ത്ത. അതേസമയം വിഷയത്തില്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ദ് പിയറി ഹോട്ടല്‍!
2005 ലാണ് ന്യൂയോര്‍ക്കിലെ ദ് പിയറി ഹോട്ടലിനെ ടാറ്റ ഗ്രൂപ്പിന്റെ ഹോട്ടല്‍ ശൃംഖലയായ താജ് ഏറ്റെടുത്തത്. 189 മുറികളും, ഒരു റെസ്റ്റോറന്റും, ആഡംബര അപ്പാര്‍ട്ടുമെന്റുകളും ഉള്ള ഒരു വമ്പന്‍ ഹോസ്പിറ്റാലിറ്റി കേന്ദ്രമാണ് ദ് പിയറി. അവയില്‍ ചിലത് പ്രശസ്ത വ്യക്തികളുടേതാണെന്ന് പ്രത്യേകതയുമുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റയുടെ താജില്‍ നിന്ന് ദ് പിയറിയെ സ്വന്തമാക്കാന്‍ രംഗത്തുവന്നിരിക്കുന്ന 2 ആഗോള പ്രമുഖരാണ്. ബ്രൂണൈ സുല്‍ത്താനും, സൗദി വ്യവസായി എസ്സാം ഖഷോഗിയും സംയുക്തമായി ഇതു സ്വന്തമാക്കിയേക്കുമെന്നാണ് വാര്‍ത്ത.

വമ്പന്‍ കരാര്‍
2 ആഗോള പ്രമുഖര്‍ ഒന്നിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ ഡീലിന്റെ വ്യാപ്തി എത്രമാത്രം ആയിരിക്കും. കരാര്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണ്. ഏകദേശം 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് താജ് ദി പിയറി നടത്തിപ്പില്‍ നിന്ന് പിന്മാറുന്നത്. ദ് പിയറി കഴിഞ്ഞാല്‍ താജിന് യുഎസില്‍ ഒരൊറ്റ ഹോട്ടല്‍ പ്രോപ്പര്‍ട്ടി മാത്രമാണുള്ളത്. അത് സാന്‍ ഫ്രാന്‍സിസ്‌കോയിലെ താജ് കാംപ്റ്റണ്‍ പ്ലേസ് ആണ്.

വില്‍ക്കുന്നത് യുഎസിലെ ഏറ്റവും വലിയ ഹോട്ടല്‍
കമ്പനിയുടെ വെബ്സൈറ്റ് പ്രകാരം 2005 -ല്‍ സ്വന്തമാക്കിയ ദ് പിയറി വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹോട്ടലാണ്. 2009-ല്‍ ഹോട്ടല്‍ പുനഃരുദ്ധാരണത്തിനായി ഗ്രൂപ്പ് 100 മില്യണ്‍ ഡോളര്‍ ചെലവഴിച്ചിരുന്നു. ന്യൂയോര്‍ക്കിലെയും, സാന്‍ ഫ്രാന്‍സിസ്‌കോയിലെയും ഹോട്ടലുകള്‍ ടാറ്റയുടെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് അതിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യുണൈറ്റഡ് ഓവര്‍സീസ് ഹോള്‍ഡിംഗ്‌സ് വഴിയാണ് കൈകാര്യം ചെയ്യുന്നത്.

ഐഎച്ച്‌സിഎല്‍ ഹോട്ടല്‍സ്
താജ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഎച്ച്‌സിഎല്‍ 165 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍, ഐഎച്ച്‌സിഎല്‍ 2,324 കോടി രൂപ യുണൈറ്റഡ് ഓവര്‍സീസ് ഹോള്‍ഡിംഗ്‌സില്‍ നിക്ഷേപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ബിസിനസ് 82 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണു വിവരം.

കഴിഞ്ഞ വര്‍ഷം തന്നെ ദ് പിയറി കമ്പനി വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിരുന്നു. യുഎസ് വാണിജ്യ സെക്രട്ടറിയും ട്രംപിന്റെ വ്യാപാര ചര്‍ച്ചക്കാരനുമായ ഹോവാര്‍ഡ് ലുട്നിക്, ജോര്‍ദാന്‍ രാജകുമാരി ഫിരിയാല്‍, ഫാഷന്‍ ഡിസൈനര്‍ ടോറി ബര്‍ച്ച്, മുന്‍ ഡിസ്‌നി മേധാവി മൈക്കല്‍ ഐസ്നര്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്ക് ഈ ഹോട്ടലില്‍ അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമായുണ്ട്.

ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍
പിയറി വില്‍പ്പന ചര്‍ച്ചകളില്‍ ബോര്‍ഡ് അവസാന ഘട്ടത്തിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരാര്‍ അന്തിമമാകുന്നതോടെ മാനേജ്മെന്റ്, സുല്‍ത്താന്‍ ഹസ്സനാല്‍ ബോള്‍കിയയുടെ ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടല്‍ ശൃംഖലയായ ഡോര്‍ചെസ്റ്റര്‍ കളക്ഷന് ദ് പിയറിയെ കൈമാറിയേക്കും.

എസ്സാം ഖഷോഗിയാകും ഇടപാടിന് ധനസഹായം നല്‍കുകയെന്നാണ് സൂചന.

X
Top