
ഹൊസൂർ: ആപ്പിള്‍ ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റയുടെ ഹൊസൂരിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികകമായി പുനരാംരഭിച്ചു. തീപ്പിടുത്തത്തെ തുടർന്ന് പ്രവർത്തനം തടസ്സപ്പെട്ട ഫാക്ടറിയിലെ പല വിഭാഗങ്ങളുടെയും പ്രവര്‍ത്തനം സാധാരണഗതിയിലായിട്ടുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അട്ടിമറി ശ്രമം ഉൾപ്പെടെയുള്ള സാധ്യതകൾവിലയിരുത്തും. ജീവനക്കാരുടെ സുരക്ഷയും സുഗമമായി ജോലി ചെയ്യാനുള്ള സാഹചര്യവും അതീവ പ്രധാന്യമുള്ളതാണെന്നും അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. നിര്‍മാണ ശാല പൂര്‍ണസജ്ജമാകുന്നതോടെ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്നും കമ്പനി വ്യക്തമാക്കി.
തീപ്പിടിത്തം കാരണം ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നിവയുടെ കേയ്സുകളുടെ ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ആവശ്യമുള്ള കേയ്സുകള്‍ സ്റ്റോക്ക് ഉള്ളതിനാൽ ഫോണുകളുടെ കയറ്റുമതി തടസപ്പെടില്ലെന്നും കമ്പനി അറിയിച്ചു. പെഗാട്രോണ്‍, ഫോക്സ്കോണ്‍ എന്നിവയ്ക്ക് പുറമേ ആപ്പിളിനാവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ടാറ്റ ഇലക്ട്രോണിക്സ്.
കൃഷ്ണഗിരി ജില്ലയിലെ നാഗമംഗലത്ത് 500 ഏക്കര്‍ സ്ഥലത്ത് പ്രവർത്തിക്കുന്ന ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി പ്ലാന്‍റിലാണ് ശനിയാഴ്ച പുലര്‍ച്ചെ തീപ്പിടിത്തം ഉണ്ടായത്. പത്തിലധികം ഫയര്‍ എഞ്ചിനുകള്‍ 12 മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 400 കോടി രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. കെമിക്കല്‍ ടാങ്ക് സ്ഥിതി ചെയ്യുന്ന ഭാഗത്ത് ചൂട് കൂടിയതാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.