
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ എന്നു കേട്ടാല്‍ നമുക്ക് മനസ്സില്‍ ഓടിയെത്തുന്ന പേര് ടി എന്‍ ശേഷന്‍ എന്ന് മാത്രമായിരിക്കും. ഭരണഘടനാപദവി ആയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ എന്ന സ്ഥാനം എത്ര മാത്രം പ്രാധാന്യമേറിയതാണ് എന്നും ആ സ്ഥാനത്തിന്റെ യഥാര്‍ത്ഥ ശക്തി ഇന്ത്യന്‍ ജനതയെ അറിയിക്കുകയും ചെയ്ത അസാമാന്യനായ മനുഷ്യന്‍. പണവും, മദ്യവും, ബൂത്ത് പിടിത്തവും ഒക്കെയായി കുത്തഴിഞ്ഞു കിടന്നിരുന്ന ഇന്ത്യന്‍ ഇലക്ഷന്‍ സംവിധാനത്തിനെ ശുദ്ധികലശം നടത്തിയ മലയാളി. ഇന്ന് കാണുന്ന രീതിയില്‍ സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഇന്ത്യയെ പ്രാപ്തമാക്കാന്‍ ടി എന്‍ ശേഷനായി എന്നതാണ് വാസ്തവം.
1932 ഡിസംബര്‍ മാസം 15 ന് പാലക്കാട് ജില്ലയില്‍ ജനിച്ച ശേഷന്‍ 1955 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനാണ്. 1990 ഡിസംബര്‍ മാസത്തില്‍ ഇന്ത്യയുടെ പത്താമത്തെ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആയതിനു ശേഷം സംഭവബഹുലമായിരുന്നു ഇന്ത്യയിലെ ഇലക്ഷന്‍ വേദികള്‍. സ്ഥാനാര്‍ത്ഥികള്‍ ചിലവഴിക്കാവുന്ന തുകകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും, വോട്ടര്‍ ഐഡന്റ്റിറ്റി കാര്‍ഡുകള്‍ സജ്ജമാക്കാനും, മാതൃകാ പെരുമാറ്റ ചട്ടങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്താനുമൊക്കെ വേണ്ടുന്ന ശക്തമായ നടപടികള്‍ സ്വീകരിച്ചത് അക്കാലത്താണ്. ഭരണകൂടത്തിന്റെ ആജ്ഞാനുവര്‍ത്തിയാകുന്ന കളിപ്പാവയാകാനുള്ളതല്ല ഇലക്ഷന്‍ കമ്മീഷന്‍ എന്ന് വിട്ടുവീഴ്ചകളില്ലാത്ത ഔദ്യോഗിക കൃത്യനിര്‍വഹണത്തിലൂടെ ശേഷന്‍ തെളിയിച്ചപ്പോള്‍, ഒന്നിന് പകരം മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്ന പതിവ് ഗവെണ്‍മെന്റ് നടപ്പിലാക്കിയതും ശേഷന്റെ കാലത്താണ്. അതിനെതിരെ നിയമ നടപടികളുമായി ശേഷന്‍ സുപ്രീം കോടതിയെ സമീപിച്ചു എന്നതും ചരിത്രത്തിന്റെ ഭാഗമാണ്.
ഇലക്ഷന്‍ കൃത്രിമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത ശേഷന്‍ 1500 ഇലക്ഷന്‍ നിരീക്ഷകരെയാണ് 1996 ജനറല്‍ ഇലക്ഷനില്‍ നിയോഗിച്ചത്. ഇന്ത്യയൊട്ടാകെ 600000 സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു ഇലക്ഷന്റെ സമയത്തുണ്ടാകാറുള്ള അതിക്രമങ്ങളും ക്രമക്കേടുകളും ഒരു പരിധി വരെ നിയന്ത്രണത്തിലാക്കി. പൗരന്മാരാണ് ജനാധിപത്യത്തിന്റെ ശക്തി എന്നും, ഇലക്ഷനില്‍ സ്ഥാനാര്‍ഥികളെക്കാളും, കക്ഷികളെക്കാളും മുന്‍ഗണന വോട്ടര്‍മാര്‍ക്കാണ് എന്നും, ശക്തിയേറിയ ആയുധമാണ് വോട്ട് എന്നതും പൊതു ജനങ്ങളെ പഠിപ്പിച്ചതും ടി എന്‍ ശേഷനാണ് എന്ന് തന്നെ നിസ്സംശയം പറയാം. പിന്നീട് കെ ആര്‍ നാരായണനെതിരായി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട് ശേഷന്‍. 2019 നവംബര്‍ പത്തിന് ഇഹലോകവാസം വെടിഞ്ഞ ടി എന്‍ ശേഷന്റെ ജീവിതം എന്നും ഒരു പാഠപുത്സകം ആയിരിക്കും.






