
ന്യൂഡൽഹി: നേരത്തേ തുടങ്ങിയ പദ്ധതികൾക്ക് പിന്നീട് മുൻകൂർപ്രാബല്യത്തോടെ പാരിസ്ഥിതികാനുമതി നൽകരുതെന്ന വിധി സുപ്രീംകോടതി പിൻവലിച്ചു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഭൂരിപക്ഷതീരുമാനത്തിലൂടെ മേയ് 16-ലെ വിധി പിൻവലിച്ചത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും വിധി പിൻവലിച്ച് പുനഃപരിശോധിക്കാൻ തീരുമാനിച്ചപ്പോൾ ജസ്റ്റിസ് ഉജ്ജൽ ഭുയാൻ അതിനോട് വിയോജിച്ച് ഭിന്നവിധിയെഴുതി. ഭൂരിപക്ഷ വിധിയാണ് നിലനിൽക്കുക. അതിനാൽ ഈ വിഷയത്തിൽ ഇനി ഉചിതമായ ബെഞ്ച് വാദംകേട്ട് തീരുമാനമെടുക്കും.
പാരിസ്ഥിതികാനുമതികൾ റദ്ദാക്കിയാൽ പദ്ധതി പൊളിച്ചുകളയേണ്ടിവരുമെന്നും അത് അന്തരീക്ഷ മലിനീകരണം വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന സർക്കാരിന് അത് റദ്ദാക്കാനോ ഇളവ് നൽകാനോ അധികാരമുണ്ടെന്ന് ജസ്റ്റിസ് വിനോദ് ചന്ദ്രനും ഇതിനോട് യോജിച്ചുകൊണ്ട് വിധിയെഴുതി.
എന്നാൽ, പദ്ധതി പൊളിക്കാനാവില്ലെന്നത് സ്വീകാര്യമല്ലെന്നും അത് നിയമലംഘകർക്ക് അവരുടെ പ്രവൃത്തികളെ പ്രതിരോധിക്കാൻ അവസരം നൽകുമെന്നും ജസ്റ്റിസ് ഭുയാൻ ചൂണ്ടിക്കാട്ടി.
പാരിസ്ഥിതികചട്ടങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയ പദ്ധതികൾക്ക് മുൻകൂർപ്രാബല്യത്തോടെ പാരിസ്ഥിതികാനുമതി നൽകുന്നതിൽനിന്ന് കേന്ദ്രത്തെ വിലക്കുന്നതായിരുന്നു വനശക്തി കേസിൽ ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ചിന്റെ മേയ് 16-ലെ വിധി.
പാരിസ്ഥിതികാനുമതി നേടാതെ ആരംഭിച്ച പദ്ധതികൾക്ക് പിന്നീടത് ലഭിച്ചെന്നു കണക്കാക്കുന്ന രീതി (എക്സ് പോസ്റ്റ് ഫാക്‌റ്റോ) പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരേ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡിവലപ്പേഴ്‌സ് ഓഫ് ഇന്ത്യ (ക്രെഡായ്) ഉൾപ്പെടെയുള്ള സംഘടനകളും ചില പൊതുമേഖലാ സ്ഥാപനങ്ങളും നൽകിയ നാല്പതോളം പുനഃപരിശോധനാ ഹർജികളിലാണ് ചൊവ്വാഴ്ച വിധിപറഞ്ഞത്.
പദ്ധതി തുടങ്ങുംമുൻപുതന്നെ പാരിസ്ഥിതികാനുമതി നേടിയിരിക്കണമെന്ന് 2006-ലെ പാരിസ്ഥിതികാഘാത വിലയിരുത്തൽ വിജ്ഞാപനത്തിൽ പറയുന്നുണ്ട്. എന്നാൽ, നേരത്തേ തുടങ്ങിയ പദ്ധതികൾക്ക് പിന്നീട് അനുമതി നൽകാൻ (എക്സ് പോസ്റ്റ് ഫാക്‌റ്റോ) വഴിയൊരുക്കുന്നതിന് 2021-ലും 2022-ലും കേന്ദ്ര സർക്കാർ ഇറക്കിയ ഓഫീസ് മെമറാൻഡങ്ങൾ ചോദ്യംചെയ്ത് വനശക്തി എന്ന സംഘടന നൽകിയ ഹർജിയിലായിരുന്നു മേയ് 16-ന് വിധി പറഞ്ഞത്.
മുൻകൂർപ്രാബല്യത്തിൽ അനുമതി നൽകാമെന്ന ഓഫീസ് മെമറാൻഡങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ വിധി പിൻവലിക്കപ്പെട്ടതോടെ മെമറാൻഡങ്ങൾക്ക് ഫലത്തിൽ സാധുതയായി.






