
മുംബൈ: പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നടത്താനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി കരസ്ഥമാക്കിയിരിക്കയാണ് സുല വൈന്‍യാര്‍ഡ്‌സ്. ജൂലൈയിലാണ് രാജ്യത്തെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാതാക്കളായ സുല ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചത്.ഒരു വൈന്‍ നിര്‍മ്മാണ കമ്പനി നടത്തുന്ന ആദ്യ ഐപിഒയാണ് കമ്പനിയുടേത്.
2 രൂപ മുഖവിലയുള്ള 25,546,186 ഓഹരികളാണ് ഇഷ്യു ചെയ്യുക. 2021-22 ല്‍ 52.14 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. വരുമാനം 417.96 കോടി രൂപയാക്കി ഉയര്‍ത്താനുമായി.
മഹാരാഷ്ട്രയിലെ നാഷിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഓഫര്‍ ഫോര്‍ സെയ്‌ലാണ് നടത്തുക.പ്രമോട്ടര്‍ഗ്രൂപ്പും പ്രധാന ഓഹരി ഉടമകളായ വെര്‍ലിന്‍വെസ്റ്റ് ഓഹരികള്‍ വിറ്റഴിക്കും. മൊത്തം 25,546,186 ഓഹരികള്‍ വിപണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
ബെല്‍ജിയന്‍ കുടുംബ സംരഭമാണ് വെര്‍ലിന്‍വെസ്റ്റ്. രാജീവ് സാമന്താണ് സുലയുടെ എംഡിയും സിഇഒയും.കോടക് മഹീന്ദ്ര കാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎപ്എല്‍ കാപിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ ഐപിഒ നടപടികള്‍ പൂര്‍ത്തീകരിക്കും.
കര്‍ണ്ണാടകയിലും ആസ്ഥാനമായ നാഷിക്കിലുമാണ് കമ്പനിയ്ക്ക് ഉത്പാദനശാലയുള്ളത്. യഥാക്രമം 11 മില്ല്യണ്‍, 2 മില്ല്യണ്‍ ലിറ്ററുകളാണ് ഉത്പാദന ശേഷി. രുചി, ആല്‍ക്കഹോള്‍ മിശ്രണം, വില എന്നിവയുടെ അടിസ്ഥാനത്തില്‍ എലൈറ്റ്, പ്രീമിയം, എക്കോണമി വിഭാഗങ്ങളിലാണ് സുല വൈന്‍ വിപണിയില്‍ എത്തുന്നത്.
13 ബ്രാന്‍ഡുകളും അതില്‍ തന്നെ 56 ലേബലുകളും കമ്പനി വിറ്റഴിക്കുന്നു. എലൈറ്റ്, പ്രീമിയം സെഗ്‌മെന്റുകളില്‍ നിന്നുള്ള സംഭാവന വര്‍ദ്ധിക്കുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനവും മാര്‍ജിനുകളും കൂടുതല്‍ മെച്ചപ്പെടുമെന്നന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജന്‍സിയായ ഇക്ര, അവരുടെ 2022 ജനുവരി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
വൈനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും പുറമേ ആഢംബര ടൂറിസത്തിലും സാന്നിധ്യമുണ്ട്.രണ്ട് വൈന്‍ റിസോര്‍ട്ടുകളായ ബിയോണ്ട് സുല, സോഴ്‌സ് അറ്റ് സുല നാസിക്കില്‍ പ്രവര്‍ത്തിക്കുന്നു.കൂടാതെ, ലെ ഗ്രാന്‍ഡ് നോയര്‍, ഹാര്‍ഡിസ്, ബെലുഗ വോഡ്ക തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുമായി ഡീലര്‍ഷിപ്പ് കരാറുകളുമുണ്ട്.
ഇവരുടെ ഇറക്കുമതി ചെയ്ത വൈനും മറ്റ് പ്രധാന സ്പിരിറ്റുകളുമാണ് ഇന്ത്യയില്‍ സുല വിതരണം ചെയ്യുന്നത്.സുല വൈനുകള്‍, മറ്റ് അന്താരാഷ്ട്ര ബ്രാന്‍ഡഡ് വൈനുകള്‍, കോര്‍ സ്പിരിറ്റുകള്‍ എന്നിവയുടെ ഒരു പാക്കേജ് വിതരണം ചെയ്യാന്‍ ഇതോടെ കമ്പനിയ്ക്ക് സാധ്യമാകുന്നു.
മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും 50 ശതമാനത്തിലധികം വരുമാനം നേടുന്ന കമ്പനി, കര്‍ശനമായ നിയമങ്ങളുള്ള, അന്തര്‍ദ്ദേശീയ എതിരാളികള്‍ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ആല്‍ക്കഹോള്‍, സ്പിരിറ്റ് വിഭാഗത്തില്‍ നിന്നുള്ള അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലേഴ്‌സ് ജൂണില്‍ ഐപിഒയ്ക്കായി ഡിആര്‍എച്ച്പി (ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ്) ഫയല്‍ ചെയ്തിരുന്നു. ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി നിര്‍മ്മാതാക്കളായ അലൈഡ് ഇന്ത്യയിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനിയാണ്.