
ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുധീപ് ഫാര്‍മ ലിമിറ്റഡിന്റെ ഐപിഒ നവംബര്‍ 21ന് ആരംഭിക്കും. നവംബര്‍ 25 വരെയാണ് സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 563-593 രൂപയാണ് ഇഷ്യു വില. 25 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. നവംബര്‍ 26ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. നവംബര്‍ 28ന് ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ് ചെയ്യും.
895 കോടി രൂപയാണ് സുധീപ് ഫാര്‍മ ഐപിഒ വഴി സമാഹരിക്കുന്നത്. 95 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 800 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും 1.34 കോടി ഓഹരികള്‍ വില്‍ക്കും. സുധീപ് ഫാര്‍മ ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 78.8 കോടി രൂപ മെഷിണറി വാങ്ങുന്നതിനും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും ചെലവിടും.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 31.3 കോടി രൂപ ലാഭമാണ് സുധീപ് ഫാര്‍മ കൈവരിച്ചത്. 124.9 കോടി രൂപയാണ് വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.1 ശതമാനം വളര്‍ച്ചയോടെ 138.7 കോടി രൂപ ലാഭം കൈവരിച്ചു. 2023-24ല്‍ ഇത് 133.2 കോടി രൂപയായിരുന്നു. വരുമാനം 459.3 കോടി രൂപയില്‍ നിന്നും 502 കോടി രൂപയായി വളര്‍ന്നു. 9.3 ശതമാനമാണ് വരുമാനത്തിലെ വളര്‍ച്ച.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു.






