
1888-ല്‍ കോട്ടയത്ത് നിന്ന് ആരംഭിച്ച ഒരു ചെറിയ പ്രസിദ്ധീകരണം വളര്‍ന്ന് വലുതായി ഇന്ത്യയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായ ചരിത്രമാണ് മലയാള മനോരമയുടേത്. നസ്രാണി ദീപിക കഴിഞ്ഞാല്‍, കേരളത്തില്‍ പ്രവര്‍ത്തനം തുടരുന്ന ഏറ്റവും പഴയ ദിനപ്പത്രമായ മലയാള മനോരമയുടെ സ്ഥാപകന്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ്. കേരളവര്‍മ്മ വലിയകോയിത്തമ്പുരാനായിരുന്നു പത്രത്തിന് ആ പേര് നിര്‍ദ്ദേശിച്ചത്. 1904-ല്‍ കെ.സി. മാമ്മന്‍ മാപ്പിള പത്രാധിപ സ്ഥാനം ഏറ്റെടുത്തു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യരുടെ അപ്രീതിയെത്തുടര്‍ന്ന് 1938-ല്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന മലയാള മനോരമ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷം 1947 നവംബറില്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു. 1954 മുതല്‍ 1973 വരെ കെ. എം. ചെറിയാനും 1973 മുതല്‍ 2010 വരെ കെ. എം. മാത്യുവും മുഖ്യ പത്രാധിപ സ്ഥാനം വഹിച്ചു. 1966-ല്‍ കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ പതിപ്പ് പുറത്തിറങ്ങിയതോടെ പത്രത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായി. കെ. എം. മാത്യുവിന്റെ നേതൃത്വത്തില്‍ അതിവേഗം വളര്‍ന്ന മലയാള മനോരമ ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പ്രാദേശിക ഭാഷാ ദിനപ്പത്രമായി. പുതിയ സാങ്കേതികവിദ്യകളും മാനേജ്മെന്റ് ശൈലികളും അദ്ദേഹം മലയാള മാധ്യമ ലോകത്തിന് പരിചയപ്പെടുത്തി. വനിത, ബാലരമ, കര്‍ഷകശ്രീ, സമ്പാദ്യം, ഫാസ്റ്റ്ട്രാക്ക്, ദി വീക്ക് എന്നിങ്ങനെ മനോരമ ഗ്രൂപ്പില്‍ നിന്നുള്ള ജനപ്രിയ പ്രസിദ്ധീകരണങ്ങളുടെ നിര വലുതാണ്. 2006-ല്‍ ടെലിവിഷന്‍ രംഗത്തേക്കും മനോരമ കടന്നുവന്നു. മനോരമ ന്യൂസും പിന്നാലെ മഴവില്‍ മനോരമയും ജനകീയമായി. റേഡിയോ മാംഗോ 91.9 എന്ന റേഡിയോ സംരംഭവും മലയാളികള്‍ നിറഞ്ഞ മനസോടെ സ്വീകരിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താ രംഗത്ത് മനോരമ ഓണ്‍ലൈനും ശക്തമായ സാന്നിധ്യമായി നിലകൊള്ളുന്നു.






