
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി 2021സാമ്പത്തിക വര്‍ഷത്തില്‍ 78 ശതമാനം വര്‍ദ്ധിച്ച് 9.3 ട്രില്യണ്‍ രൂപയായി. പകര്‍ച്ചവ്യാധി, ക്ഷേമ ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും വരുമാനം കുറയുകയും ചെയ്തതിനാലാണ് ഇത്. 5.2 ട്രില്യണ്‍ രൂപയായിരുന്നു 2020 സാമ്പത്തികവര്‍ഷത്തിലെ സംസ്ഥാനങ്ങളുടെ ധനകമ്മി.
അരുണാചല്‍ പ്രദേശ്, ഹരിയാന, സിക്കിം, ഒഡീഷ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും വര്‍ധിച്ച കമ്മി രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് അനുസരിച്ച്, സംസ്ഥാനങ്ങളുടെ വരുമാന ശേഖരണം സമ്മിശ്ര പ്രവണത കാണിക്കുന്നു. പല കേസുകളിലും രസീതുകള്‍ സ്ഥിരത പുലര്‍ത്തിയെങ്കിലും കേരളം, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ നികുതി വരുമാനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി.
മൊത്തത്തിലുള്ള നികുതി വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 1.6% വര്‍ദ്ധിച്ച് 12.4 ട്രില്യണ്‍ രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍,സംസ്ഥാനങ്ങളുടെ സ്വന്തം നികുതി വരുമാനം പുതുക്കിയ കണക്കുപ്രകാരം 9.31 ട്രില്യണ്‍ രൂപയില്‍ നിന്ന് 7.82 ട്രില്യണ്‍ രൂപയായി കുറഞ്ഞു. സ്വന്തം നികുതി വരുമാനത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത് കേരളത്തിലാണ്.
മൊത്തം 9.31 ട്രില്യണ്‍ രൂപയില്‍, 42% ജിഎസ്ടിയില്‍ നിന്നും 19% വാറ്റില്‍ നിന്നും 13% എക്‌സൈസില്‍ നിന്നും 11% സ്റ്റാമ്പ് ഡ്യൂട്ടിയില്‍ നിന്നുമാണ്. മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കാപക്‌സ് കുറച്ചതും പ്രത്യേകതയായി. 11 പ്രധാന സംസ്ഥാനങ്ങളില്‍, മൊത്തം പ്രതീക്ഷിച്ച കാപെക്‌സ് 3.74 ട്രില്യണ്‍ ആയിരുന്നു.
ഇത് 3.19 ട്രില്യണ്‍ രൂപയായി കുറയുകയായിരുന്നു. മൊത്തം സംസ്ഥാനങ്ങളുടെ മൂലധന ചെലവിലെ കുറവ് 15 ശതമാനമാണ്. സംസ്ഥാനങ്ങള്‍ ധനക്കമ്മി ലക്ഷ്യങ്ങള്‍ നഷ്ടപ്പെടുത്തുകയും കേന്ദ്രം വാഗ്ദാനം ചെയ്ത അധിക വായ്പ ഉപയോഗപ്പെടുത്തുകയും ചെയ്തു.
കെയര് റേറ്റിംഗ്‌സ് പഠനമനുസരിച്ച്, 11 പ്രധാന സംസ്ഥാനങ്ങളുടെ ബജറ്റ് ധനക്കമ്മി ശരാശരി വ്യതിയാനം 1.7 ശതമാനമാണ്. ബജറ്റ് പ്രഖ്യാപനം വൈകിയതിനാല്‍ മധ്യപ്രദേശിന് കുറഞ്ഞ വ്യതിയാനം മാത്രമാണുണ്ടായത്. 5.7 ശതമാനം.
ഏറ്റവും കുറഞ്ഞ ധനക്കമ്മി ഗുജറാത്തിന്റെതാണ്. 3.1 ശതമാനം. ജാര്‍ഖണ്ഡ് 3.22 ശതമാനവും കര്‍ണാടക 3.23 ശതമാനവും മഹാരാഷ്ട്ര 3.29 ശതമാനവും ഒഡീഷ 3.49 ശതമാനവും രേഖപ്പെടുത്തി.
ഏറ്റവും കൂടുതല്‍ ബീഹാറിനാണ്. 6.8 ശതമാനം. രാജസ്ഥാന്‍ 6.1 ശതമാനവും ഛത്തീസ്ഗഡ് 6.5 ശതമാനവും യുപി4.2 ശതമാനവും കേരളം 4.25 ശതമാനവും ധനക്കമ്മി രേഖപ്പെടുത്തി.
വാസ്തവത്തില്‍, കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മിയും 2020-21 ല്‍ ജിഡിപിയുടെ 9.3 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അത് 4.6 ശതമാനമായി താഴ്ന്നു. 2022-23 ബജറ്റില്‍, പലിശരഹിത 50 വര്‍ഷ കാപക്‌സ് വായ്പയായി ഒരു ട്രില്ല്യണ്‍ രൂപ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്നു.
ശനിയാഴ്ച പുറത്തിറക്കിയ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓണ്‍ ഇന്ത്യന്‍ സ്‌റ്റേറ്റ്‌സിലാണ് ഈ കണക്കുകളുള്ളത്.






