
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി ലാഭകരമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. ഒരു പദ്ധതി പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെങ്കിൽ അടുത്ത ഉത്പ്പന്നങ്ങളിലൂടെ വിപണി കീഴടക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യവസായ വകുപ്പിന് കീഴിലുള്ള ടെക്സ്റ്റൈൽ യൂണിറ്റുകളുടെ ഉത്പ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനായി വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ വർഷം 21 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായതായി അദ്ദേഹം അറിയിച്ചു. കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്ന ഉത്പ്പന്നങ്ങളാണ് പൊതുമേഖലാ സ്ഥാപനങ്ങൾ വിപണിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബോർഡ് ഫോർ പബ്ലിക് സെക്ടർ ട്രാൻസ്ഫോർമേഷന്റെ നേതൃത്വത്തിലും, സിഡിറ്റിയുടെ സാങ്കേതിക സഹായത്തോടെയുമാണ് ടെക്സ്റ്റൈൽ യൂണിറ്റുകളുടെ ഉത്പ്പന്നങ്ങൾ ഇ-ബിഡ്ഡിംഗ്, ഇ-ലേലം എന്നിവ വഴി വിറ്റഴിക്കാനുള്ള ഓൺലൈൻ പ്ലാറ്റ്ഫോം (www.bpt.cditproject.org](http://www.bpt.cditproject.org) വികസിപ്പിച്ചത്.
ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. വ്യവസായ-വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, ഒഎസ്‌ഡി ആനി ജൂല തോമസ്, ബിപിടി ചെയർമാൻ അജിത്‌കുമാർ കെ, മെമ്പർ സെക്രട്ടറി സതീഷ് കുമാർ പി എന്നിവർ പങ്കെടുത്തു.
പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിച്ച മൂല്യവർധിത ഉത്പ്പന്നങ്ങളുടെ വിപണി അവതരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കെൽട്രോൺ, കെൽട്രോൺ കോംപോണന്റ് കോംപ്ലക്സ്, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, ഹാൻഡിക്രാഫ്റ്റ്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ, കാപെക്സ്, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ, ഫോമാറ്റിംഗ്സ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് കയർ മെഷിനറി കോർപ്പറേഷൻ, ഹാൻവീവ് എന്നീ സ്ഥാപനങ്ങളാണ് വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി വിവിധ മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിച്ചത്.