തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

വീണ്ടും കടമെടുപ്പ് ഉഷാറാക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ വീണ്ടും കടമെടുപ്പ് ഉഷാറാക്കി സംസ്ഥാന സർക്കാർ. ജൂൺ 3ന് 3,000 കോടി രൂപ കൂടി കടമെടുക്കാൻ തീരുമാനിച്ചതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ഇതിനകമുള്ള കടബാധ്യത 10,000 കോടി രൂപയാകും.

ഏപ്രിൽ 29നായിരുന്നു ഇക്കൊല്ലത്തെ ആദ്യ കടമെടുപ്പ് (2,000 കോടി രൂപ). മേയ് 6ന് 1,000 കോടിയും 20നും 27നും 2,000 കോടി രൂപ വീതവും കടമെടുത്തു. ജൂൺ 3ന് രണ്ടു തിരിച്ചടവ് കാലാവധികളുള്ള കടപ്പത്രങ്ങൾ ഇറക്കിയാണ് കേരളം 3,000 കോടി രൂപ കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.

12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,000 കോടി രൂപയുടെയും 37 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2,000 കോടി രൂപയുടെയും കടപ്പത്രങ്ങളാണ് റസിർവ് ബാങ്കിന്റെ ഇ-കുബേർ പ്ലാറ്റ്ഫോം വഴി ഇറക്കുന്നത്.

കേരളത്തിന് നടപ്പുവർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ ആകെ 29,529 കോടി രൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴി‍ഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) ഏപ്രിൽ-ഡിസംബർ‌ കാലയളവിൽ‌ കടമെടുക്കാൻ അനുവദിച്ചത് 21,253 കോടി രൂപയായിരുന്നു. അതിനേക്കാൾ 8,276 കോടി രൂപ അധികമാണ് ഇക്കുറി.

ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയ ബാധ്യതകൾക്ക് പുറമെ കഴിഞ്ഞദിവസം സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള ആനുകൂല്യങ്ങൾ കൂടി വിതരണം ചെയ്യേണ്ട പശ്ചാത്തലത്തിലാണ് ഇത്തവണ കേരളത്തിന്റെ കടമെടുപ്പ്.

സംസ്ഥാന സർക്കാർ, കെഎസ്ഇബി, കെഎസ്ആർടിസി എന്നിവിടങ്ങളിൽ നിന്നായി 12,000ഓളം പേരാണ് കഴിഞ്ഞദിവസം വിരമിച്ചത്. ഇവർക്കുള്ള വിരമിക്കൽ ആനുകൂല്യമായി 5,000 കോടി രൂപയ്ക്കുമേൽ സർക്കാർ കണ്ടെത്തണം. എന്നാൽ, ഈ തുക ഒറ്റയടിക്ക് വിതരണം ചെയ്യേണ്ടതില്ലെന്ന ആശ്വാസം സംസ്ഥാന സർക്കാരിനുണ്ട്.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾ ചേർന്ന് ആകെ 29,400 കോടി രൂപയാണ് ജൂൺ 3ന് കടമെടുക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആന്ധ്രാപ്രദേശ് ഒറ്റയടിക്ക് 7,000 കോടി രൂപയാണ് അന്ന് കടമെടുക്കുക.

ചത്തീസ്ഗഢ് 1,000 കോടി, ഗോവ 100 കോടി, ഹിമാചൽ 800 കോടി, മധ്യപ്രദേശ് 4,500 കോടി, മേഘാലയ 500 കോടി, പഞ്ചാബ് 2,000 കോടി, രാജസ്ഥാൻ 3,000 കോടി, തമിഴ്നാട് 4,000 കോടി, തെലങ്കാന 1,500 കോടി, ബംഗാൾ 2,000 കോടി എന്നിങ്ങനെയുമാണ് കടമെടുക്കുന്നത്.

X
Top