പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

പാരമ്പര്യ കലകള്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കണമെന്ന് സ്പൈസ് റൂട്ട്സ് സമ്മേളനം

കൊച്ചി: കേരളത്തിലെ പാരമ്പര്യ കലകള്‍ വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി സംരക്ഷിക്കാനും അവയ്ക്ക് സ്ഥിരമായ വേദികള്‍ കണ്ടെത്തുന്നതിനുമായുള്ള സാംസ്കാരിക നയം രൂപപ്പെടുത്തണമെന്ന് അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിൽ ആവശ്യമുയർന്നു. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന ത്രിദിന സമ്മേളനത്തില്‍ ‘സ്പൈസ് റൂട്ടിന്‍റെ സാംസ്കാരിക പാരമ്പര്യവും ജീവിതവും’ എന്ന സെഷനിലാണ് വിദഗ്ദ്ധർ ഈ അഭിപ്രായം മുന്നോട്ട് വെച്ചത്. മിക്ക പാരമ്പര്യ, അനുഷ്ഠാന കലകളും വെല്ലുവിളി നേരിടുന്നുണ്ടെന്നും ഇവയുടെ സംരക്ഷണത്തിനായുള്ള നയം രൂപപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും പാരമ്പര്യ കലകളുടെ പരിശീലകര്‍ കൂടിയായ പ്രഭാഷകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

കൂടിയാട്ടം ഉള്‍പ്പെടെയുള്ള കലകളുടെ സൗന്ദര്യത്തെ പൂര്‍ണതയില്‍ അവതരിപ്പിക്കാനുള്ള വേദികള്‍ ആവശ്യമാണെന്ന് കൂടിയാട്ട ആചാര്യന്‍ ഡോ. മാര്‍ഗി മധു പറഞ്ഞു. കൂടിയാട്ടത്തിന്‍റെ മിനിയേച്ചര്‍ രൂപമാണ് ഇപ്പോള്‍ പലയിടത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അല്ലാതെ പൂര്‍ണതയില്‍ ഇത് കാണികള്‍ക്കു മുന്നില്‍ എത്തിക്കണം. ഇതിന് വിനോദസഞ്ചാരത്തിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മാര്‍ഗി മധു ചൂണ്ടിക്കാണിച്ചു. വര്‍ഷത്തില്‍ എല്ലാ ദിവസവും അവതരിപ്പിക്കാവുന്ന തരത്തില്‍ സ്ഥിരം പാവകളി വേദി കേരളത്തിന് ആവശ്യമാണെന്ന്  പറഞ്ഞു.  വിനോദസഞ്ചാരവുമായി കോര്‍ത്തിണക്കി കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രമാക്കി കൂടിയാട്ടം ഉള്‍പ്പെടെയുള്ള കലകളുടെ വേദികള്‍ ഒരുക്കാമെന്ന നിര്‍ദേശം തോല്‍പ്പാവക്കൂത്ത് കലാകാരന്‍ ഡോ. രാജീവ് പുലവര്‍ മുന്നോട്ടുവച്ചു.

ഇത് പാവകളിയെയും മറ്റ് കലാരൂപങ്ങളെയും സംരക്ഷിക്കുന്നതിനും വരുംതലമുറയിലേക്ക് ഈ കലാരൂപത്തെ പകര്‍ത്തുന്നതിനും കലാകാരന്‍മാര്‍ക്ക് സ്ഥിര വരുമാനത്തിനും സഹായമാകുമെന്നും പറഞ്ഞു. കൃത്യമായ അക്കാദമിക ചട്ടക്കൂട്, ചിട്ടയായ പരിശീലനം, പ്രൊഫഷണല്‍ സമീപനം, സാമ്പത്തിക പിന്തുണ എന്നിവയോടെ കൂടുതല്‍ പേരെ കളരിയിലേക്ക് ആകര്‍ഷിക്കുകയും അവര്‍ക്ക് കൃത്യമായ അവസരങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് അഗസ്ത്യ കളരിയിലെ ഡോ. മഹേഷ് എസ് പറഞ്ഞു. കേരള ടൂറിസത്തിന് ആഗോള തലത്തില്‍ ഉയര്‍ത്തിക്കാണിക്കാവുന്ന ഏറ്റവും മികച്ച ആയോധന മാതൃകയാണ് കളരിപ്പയറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൈതൃക വിനോദസഞ്ചാരം വികസിപ്പിക്കാൻ സ്പൈസ് യാത്രാ പാതകള്‍

ആഗോള തലത്തില്‍ പ്രശംസ നേടിയ പൈതൃക വിനോദസഞ്ചാരം വിപുലീകരിച്ച് കാസര്‍ഗോഡ് മുതല്‍ കൊല്ലം വരെ വ്യാപിച്ചു കിടക്കുന്ന 33 സ്പൈസ് യാത്രാ പാതകള്‍ പ്രഖ്യാപിച്ച് കേരളം. യാത്രികരെ സംസ്ഥാനത്തിന്‍റെ സമ്പന്നമായ ചരിത്രത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടുപോകുന്നതിനായിട്ടാണ് സ്പൈസ് യാത്രാ പാത വികസിപ്പിച്ചത്. മുസിരിസ് ഹെറിറ്റേജ് പ്രോജക്റ്റ് സംസ്ഥാന വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടത്തിയ പ്രഥമ അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വിനോദസഞ്ചാരം – പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് പദ്ധതി പ്രഖ്യാപിച്ചത്.

നൂറ്റാണ്ടുകള്‍ക്ക് മുൻപ് ആഗോള സമുദ്ര വ്യാപാരത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും കേന്ദ്രമായി കേരളത്തെ അടയാളപ്പെടുത്തിയ സ്പൈസ് റൂട്ടിലൂടെയാണ് ഈ യാത്ര. സംസ്ഥാനത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്കാരത്തില്‍ ഇഴചേര്‍ന്ന പ്രദേശങ്ങളും ചരിത്രവും രുചികളും അറിയാനും ആഴത്തിലുള്ള അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിനുമായിട്ടാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്. കാസര്‍കോട് ബേക്കലില്‍ നിന്ന് ആരംഭിക്കുന്ന ഈ യാത്ര കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചരിത്രത്തിന്‍റെയും സാംസ്കാരിക ഇടപെടലുകളുടെയും മുദ്ര പതിപ്പിച്ച സ്ഥലങ്ങളിലേക്ക് ‘സ്പൈസ് ജേണീസ്’ സന്ദര്‍ശകരെ കൊണ്ടുപോകും. ഇതില്‍ ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍, തെരുവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, തുറമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടും.

വ്യത്യസ്ത പ്രദേശങ്ങളെ നിര്‍വചിച്ച ചരിത്രത്തെയും സംസ്കാരത്തെയും അടിസ്ഥാനമാക്കി എട്ട് ക്ലസ്റ്ററുകളായിട്ടാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. ഇതിലാണ് 33 യാത്രാ പാക്കേജുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കാസര്‍ഗോഡ്-ബേക്കല്‍ ക്ലസ്റ്ററിന് രണ്ട് ഭാഗങ്ങളാണുള്ളത്. കുടക് തുളുനാട് സ്പൈസ് ട്രെയില്‍, കുടക് ബേക്കല്‍ സ്പൈസ് റൂട്ട് എന്നിവ. ഇതില്‍ ചിലത് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്നു. കണ്ണൂര്‍-തലശ്ശേരി സര്‍ക്യൂട്ടില്‍ മാപ്പിള പാചക സെഷന്‍, തെയ്യം അനുഭവം, കൊളോണിയല്‍ പൈതൃക ഇടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. കണ്ണൂര്‍-കോഴിക്കോട് എന്നിവയാണ് മലബാര്‍ പ്രദേശത്തെ മറ്റു ക്ലസ്റ്ററുകള്‍. ആഗോള സുഗന്ധവ്യഞ്ജന തുറമുഖമെന്ന നിലയില്‍ കൊച്ചിയുടെ വളര്‍ച്ച വെളിപ്പെടുത്തുന്നതാണ് ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലേക്കുള്ള യാത്ര.

എറണാകുളം-തൃശൂര്‍ മുസിരിസ് ഹെറിറ്റേജ് വാക്ക് സ്പൈസ് റൂട്ട് പൈതൃക കഥകളാല്‍ നിറഞ്ഞതാണ്. ക്രിസ്തുമതത്തിനു മുമ്പുള്ള കാലഘട്ടത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മുതല്‍ പുരാതന തുറമുഖമായ മുസിരിസുമായുള്ള പ്രദേശത്തിന്‍റെ ജൂത ബന്ധം, പശ്ചിമേഷ്യയില്‍ നിന്നും മെഡിറ്ററേനിയന്‍ ദേശങ്ങളില്‍ നിന്നുമുള്ള വ്യാപാര കപ്പലുകള്‍ എന്നിവ ഇതിന്‍റെ ഭാഗമാണ്. കായലുകള്‍, കനാലുകള്‍, ഉള്‍നാടന്‍ ജലപാതകള്‍, അറബിക്കടല്‍ എന്നിവയാല്‍ ചുറ്റപ്പെട്ട വിശാലമായ പശ്ചാത്തലത്തില്‍ പൈതൃകത്തിന്‍റെ സമ്പന്നമായ അനുഭവമാണ് ആലപ്പുഴയില്‍ സന്ദര്‍ശകര്‍ക്ക് ലഭിക്കുക. കൊല്ലത്ത് ചരിത്രപരമായും സാംസ്കാരികമായും വാണിജ്യപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളും തീരദേശത്തെയും കിഴക്കന്‍ മലയോരത്തെയും സാമൂഹിക, ജൈവവൈവിധ്യങ്ങളും ഉള്‍പ്പെടുന്നു.

എംജി സര്‍വകലാശാലയും എംപിഎല്ലും ധാരണയിൽ

പൈതൃക സംരക്ഷണത്തിലും അനുബന്ധ മേഖലകളിലും അക്കാദമിക് പരിപാടികള്‍, ഗവേഷണം, ഗവേഷണാനുബന്ധ തുടര്‍ സംരംഭങ്ങള്‍ എന്നിവയില്‍ സഹകരിക്കുന്നതിനുള്ള ധാരണാ പത്രത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡും (എംപിഎല്‍) ഒപ്പുവച്ചു. അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എംജിയു വൈസ് ചാന്‍സലര്‍ ഡോ. സി. ടി അരവിന്ദകുമാറും മുസിരിസ് ഹെറിറ്റേജ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഷാരോണ്‍ വിയും ഇതുസംബന്ധിച്ച ധാരണാ പത്രം കൈമാറി. കരാര്‍ പ്രകാരം പൈതൃക സംരക്ഷണം, സാംസ്കാരിക ചരിത്രം, പൈതൃക ഇടപെടല്‍ എന്നിവയിലെ ഗവേഷണ വിഷയങ്ങള്‍, പ്രശ്നങ്ങള്‍, ശ്രദ്ധാ കേന്ദ്രങ്ങള്‍ എന്നിവ എംജിയുവും എംപിഎല്ലും സംയുക്തമായി തിരിച്ചറിയും. എംപിഎല്ലിന്‍റെ ഗവേഷണ കണ്ടെത്തലുകള്‍, നൂതനാശയങ്ങള്‍, അനുഭവജ്ഞാനം എന്നിവ പൈതൃക വ്യാഖ്യാനം, മ്യൂസിയം പ്രോഗ്രാമിംഗ്, പൊതുജന സമ്പര്‍ക്കം തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. പാഠ്യ പദ്ധതി വികസനം, ഗവേഷണ രൂപകല്പന, മറ്റ് അക്കാദമിക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയില്‍ എംജിയു അക്കാദമിക് പിന്തുണ നല്‍കും.

X
Top