
കൊച്ചി: യാത്രാവരുമാനത്തിലുൾപ്പെടെ വൻവർധനയുമായി രാജ്യത്ത് ഒന്നാമതെത്തി ദക്ഷിണറെയിൽവേ. വന്ദേഭാരത് തീവണ്ടികളിലുൾപ്പെടെ പരമാവധി യാത്രക്കാരെ ഉൾക്കൊള്ളിക്കുന്നതിലും ദക്ഷിണ റെയിൽവേ ഒന്നാമതാണ്.
രാജ്യത്ത് റെയിൽവേ യാത്രാവരുമാനത്തിൽ 2025-26 സാമ്പത്തികവർഷം വിവിധ സോണുകളിലായി അഞ്ചു മുതൽ ഏഴു ശതമാനം വർധനയാണുണ്ടായത്. ഇതിലുംകൂടിയ വളർച്ചയാണ് ദക്ഷിണറെയിൽവേ നേടിയത്, 8,271.47 കോടി രൂപ. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 7,535.69 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ടുണ്ടായ വർധന 9.8 ശതമാനം. 735.78 കോടി രൂപ അധികം ലഭിച്ചു.
ഇന്ത്യൻ റെയിൽവേക്ക് നടപ്പു സാമ്പത്തികവർഷം 4,631 കോടി രൂപയാണ് അധിക യാത്രാവരുമാനമായി കിട്ടിയത്. 2024-25ൽ ഇത് 74,887.05 കോടി രൂപയായിരുന്നു. 2025-26ൽ 79,518.17 കോടി രൂപയായി ഉയർന്നു. വരുമാനവർധനയിൽ രണ്ടാം സ്ഥാനത്തുള്ള പശ്ചിമറെയിൽവേയേക്കാൾ 70 കോടി രൂപയാണ് ദക്ഷിണറെയിൽവേയുടെ അധിക വരുമാനം.
പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (പി.ആർ.എസ്.) കൊണ്ടുവന്ന മാറ്റമാണ് വരുമാനവർധനയിലേക്ക് നയിച്ചതെന്ന് ദക്ഷിണ റെയിൽവേ ഉന്നതാധികൃതർ പറഞ്ഞു.
വന്ദേഭാരത് തീവണ്ടികളിൽ മുൻപ് ചാർട്ട് തയ്യാറായിക്കഴിഞ്ഞാൽ ഓൺലൈനായി കറന്റ് ബുക്കിങ് ലഭിക്കില്ലായിരുന്നു. ചാർട്ട് തയ്യാറായിക്കഴിഞ്ഞശേഷവും പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപുവരെ ഓൺലൈനായി കറന്റ് ബുക്കിങ് എടുക്കാം എന്ന രീതി കൊണ്ടുവന്നു. വന്ദേഭാരത് യാത്ര തുടങ്ങുന്ന സ്റ്റേഷൻ മുതൽ അവസാനിക്കുന്ന സ്റ്റേഷൻവരെ ഒരു സീറ്റിൽ രണ്ടുപേരെങ്കിലും യാത്ര ചെയ്യുമെന്ന് ഉറപ്പു വരുത്തി.
ഒരു യാത്രക്കാരൻ ഇറങ്ങുന്ന സ്റ്റേഷനിൽ നിന്നുതന്നെ അതേ സീറ്റിൽ അടുത്തയാൾക്ക് ബുക്കിങ് ലഭിക്കുന്ന സംവിധാനത്തിലേക്ക് മാറ്റി. ഇതിലൂടെ കഴിഞ്ഞ സാമ്പത്തികവർഷം 2.14 ലക്ഷം യാത്രക്കാരുണ്ടായിരുന്നതിൽ നിന്ന് 6.01 ലക്ഷമായി ഉയർന്നു. വരുമാനം 15.22 കോടി രൂപയിൽ നിന്ന് 45.37 കോടി രൂപയായി വർധിച്ചു.
സമാനമായി പാസഞ്ചർ റിസർവേഷനിലെ റിമോട്ട് ലൊക്കേഷൻ വെയ്റ്റിങ് ലിസ്റ്റ് സംവിധാനത്തിലും മാറ്റം വരുത്തി. മുൻപ് കേരളത്തിലേക്കു വരുന്ന തീവണ്ടികളിൽ കോയമ്പത്തൂർ കഴിഞ്ഞാൽ ബുക്ക് ചെയ്യാനാകുമായിരുന്നില്ല. ഇതിൽ മാറ്റംവരുത്തി എറണാകുളം ജങ്ഷനെ റിമോട്ട് ലൊക്കേഷൻ റിസർവേഷനിലേക്ക് കൊണ്ടുവന്നു.
തത്കാൽ റിസർവേഷനിൽ ഒന്നാമതെത്തിയ ദക്ഷിണറെയിൽവേയിലെ 92 ശതമാനം തീവണ്ടികളിലും 75 ശതമാനത്തിലേറെയാണ് തത്കാൽ ബുക്കിങ്. 2025-26 സാമ്പത്തികവർഷത്തിൽ 267.05 കോടി രൂപയാണ് ഇതിലൂടെ സ്വന്തമാക്കിയത്. പ്രീമിയം തത്കാൽ റിസർവേഷനിലൂടെ 594.36 കോടി രൂപയും.






