
കൊച്ചി: പരസ്പര സ്നേഹവും കരുതലും പങ്കുവെയ്ക്കലും മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുമെന്ന സന്ദേശം നൽകി, സൗത്ത് ഇന്ത്യൻ ബാങ്ക് ദീപാവലിയോടനുബന്ധിച്ച് പരസ്യചിത്ര കാംപെയ്ൻ പുറത്തിറക്കി. മറ്റുള്ളവരോട് സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോൾ അവയെല്ലാം പല രീതിയിൽ നമ്മിലേക്കുതന്നെ തിരിച്ചെത്തുമെന്ന പൊരുൾ വിളിച്ചോതുന്ന ‘ഇസ് ദിവാലി, ഖുഷിയോം കേ ദീപ് ജലായേ (ഈ ദീപാവലിയിൽ സന്തോഷത്തിന്റെ പ്രകാശം തെളിയിക്കാം)’ എന്ന പരസ്യചിത്രം ഒരുക്കിയിട്ടുള്ളത് ചലച്ചിത്ര സംവിധായകനായ മാർട്ടിൻ പ്രക്കാട്ടാണ്.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിവിധ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പരസ്യചിത്രം 72 മണിക്കൂറിനുള്ളിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടി. ബന്ധങ്ങളിൽ നിക്ഷേപിക്കുക എന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശാലമായ കാഴ്ചപ്പാടിനെ ഉയർത്തുന്നതാണ് പുതിയ പരസ്യ ചിത്രമെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ അഭിപ്രായപ്പെട്ടു. പങ്കുവെയ്ക്കുന്ന സമയങ്ങളിലെല്ലാം സന്തോഷം പതിന്മടങ്ങാകുന്നു എന്നതിന്റെ തെളിവാണ് ഈ ക്യാംപെയ്ൻ.
വേഗതയേറിയ വർത്തമാനകാലത്ത് ചെറിയ കാര്യങ്ങൾപോലും ആളുകളിൽ വലിയ സന്തോഷമുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധമാണ് 96 വർഷത്തെ ബാങ്കിങ് പാരമ്പര്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുത്തെന്ന് ബാങ്കിന്റെ മാർക്കറ്റിംഗ് മേധാവി രമേഷ് കെ പി പറഞ്ഞു.