
കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയായ ഓഗ്‌മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്. ചേർത്തല സ്വദേശിയായ 57 വയസ്സുകാരനിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ആസ്റ്റർ മെഡ്‌സിറ്റിയിലെ ലീഡ് കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. വിജയമോഹന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ കാഴ്ചയിലേക്ക് ഡിജിറ്റൽ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. കാൽമുട്ടിലെ ഇംപ്ലാന്റുകളുടെ സ്ഥാനം, അലൈൻമെന്റ്, മൃദുവായ കലകളുടെ സന്തുലിതാവസ്ഥ എന്നിവ നൂറു ശതമാനം കൃത്യതയോടെ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു. ശസ്ത്രക്രിയയ്ക്കിടയിലുണ്ടാകാൻ സാധ്യതയുള്ള ചെറിയ പിഴവുകൾ പോലും പൂർണ്ണമായും ഒഴിവാക്കാനും ശസ്ത്രക്രിയ അതീവ സുരക്ഷിതമായി പൂർത്തിയാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. രോഗീ കേന്ദ്രീകൃതമായ ചികിത്സാ രീതിയിലെ വലിയൊരു ചുവടുവെപ്പാണിതെന്ന് ഡോ. വിജയമോഹൻ വ്യക്തമാക്കി. സങ്കീർണ്ണമായ ശരീരഘടന കൃത്യമായി കാണാൻ സഹായിക്കുന്നതിലൂടെ മികച്ച ഫലങ്ങൾ നൽകാൻ എ ആർ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





