
സോണി ഗ്രൂപ്പിന്റെ ഇന്ത്യാ യൂണിറ്റും സീ എന്റര്‍ടെയിന്‍മെന്റും തമ്മിലുള്ള ലയനം അടുത്ത മാസം നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിനു വേണ്ട നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുവെന്നാണ് അറിയുന്നത്.
ലയനത്തിന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍ സി എല്‍ ടി) നല്‍കിയ അനുമതി ചോദ്യം ചെയ്‌തുകൊണ്ട് ആക്‌സിസ് ഫിനാന്‍സ്, ഐഡിബിഐ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ നാഷണല്‍ കമ്പനി ലോ അപ്പാലറ്റ് ട്രിബ്യൂണലിന് (എന്‍ സിഎല്‍ എ ടി) അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും നവംബര്‍ മധ്യത്തോടെ ലയനം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ബോസ്റ്റണ്‍ കള്‍സള്‍ട്ടിംഗ് ഗ്രൂപ്പിനെയാണ് ലയനത്തിനു വേണ്ട നടപടികള്‍ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.
ലയനം നടക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ജൂണിനു ശേഷം സീ എന്റര്‍ടെയിന്‍മെന്റിന്റെ ഓഹരി വില 40 ശതമാനമാണ് ഉയര്‍ന്നത്.
24,550 കോടി രൂപയാണ് കമ്പനിയുടെ നിലവിലുള്ള വിപണിമൂല്യം.