
മുംബൈ: ജപ്പാനീസ് ബാങ്കായ സുമിറ്റോമോ മിറ്റ്‌സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡ് (എസ്എംഎഫ്ജി)യെസ് ബാങ്കില്‍ 1.1 ബില്യണ്‍ ഡോളര്‍ കൂടി നിക്ഷേപിക്കും. രണ്ട് മാസം മുമ്പ് നടത്തിയ 1.6 ബില്യണ്‍ നിക്ഷേപത്തിന് പിന്നാലെയാണിത്.
യെസ് ബാങ്കിന്റെ ഏകദേശം 5% ഓഹരികള്‍ ഏറ്റെടുക്കാനായി യുഎസ് നിക്ഷേപ ഫണ്ടായ കാര്‍ലൈല്‍ ഗ്രൂപ്പ് ഇന്‍കോര്‍പ്പറേറ്റഡുമായും മറ്റ് ഓഹരി ഉടമകളുമായും ബാങ്ക് ചര്‍ച്ച നടത്തുകയാണ്. യെസ് ബാങ്ക് നല്‍കുന്ന ഏകദേശം 680 മില്യണ്‍ ഡോളറിന്റെ കണ്‍വേര്‍ട്ടിബിള്‍ ബോണ്ടുകള്‍ വാങ്ങാനും പദ്ധതിയുണ്ട്.
ഇതോടെ യെസ് ബാങ്കിലെ ജപ്പാനീസ് ബാങ്കിന്റെ നിക്ഷേപം നിക്ഷേപം 2.7 ബില്യണ്‍ ഡോളറാകും. നേരത്തെ ഇന്ത്യന്‍ ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ 1.6 ബില്യണ്‍ ഡോളറിന് ഇവര്‍ വാങ്ങിയിരുന്നു. ഫുള്ളര്‍ട്ടണ്‍ ഇന്ത്യ ക്രെഡിറ്റ് കമ്പനിയെ 2021 700 മില്യണ്‍ ഡോളറിന് സ്വന്തമാക്കിയതുള്‍പ്പടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്എംഎഫ്ജി ഇന്ത്യയില്‍ ഏറ്റെടുക്കലുകള്‍ നടത്തുകയാണ്.
കിട്ടാകടം പെരുകി പ്രതിസന്ധിയിലായ യെസ് ബാങ്കിന് തുണയായത് റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ ആസൂത്രണം ചെയ്ത രക്ഷാപദ്ധതികളാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മൂലധനം ബാങ്കിലേയ്‌ക്കൊഴുക്കുകയായിരുന്നു അതിലൊന്ന്. ബാങ്ക് ഓഹരി ഈ വര്‍ഷം 2.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്.