
മുംബൈ: കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ ചെറുകിട നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് 4729 കോടി രൂപ പിന്‍വലിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തിനു ശേഷം ചില്ലറ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ നടത്തുന്ന ഏറ്റവും വലിയ വില്‍പ്പന ആണിത്. അതേ സമയം ഐപിഒ വിപണിയില്‍ ഗണ്യമായ നിക്ഷേപമാണ് ചില്ലറ നിക്ഷേപകര്‍ നടത്തുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ അവര്‍ ചില്ലറ വിപണിയില്‍ ഏകദേശം 30,000 കോടി രൂപ നിക്ഷേപിച്ചു. കൈവശമുള്ള ഓഹരികള്‍ വിറ്റ് ഐപിഒ വിപണിയില്‍ ലിസ്റ്റിംഗ് നേട്ടം ലഭിക്കുന്നതിനായി നിക്ഷേപിക്കുന്ന പ്രവണതയാണ് ചെറുകിട നിക്ഷേപകര്‍ക്കിടയില്‍ ശക്തമായിരിക്കുന്നത്.
ന്യൂ ജനറേഷന്‍ സ്റ്റാര്‍ട്-അപ് കമ്പനികളുടെ ഐപിഒകള്‍ ഓഹരികള്‍ക്ക് ഈടാക്കുന്ന അമിത വിലയൊന്നും കാര്യമാക്കാതെ ചില്ലറ നിക്ഷേപകര്‍ ലിസ്റ്റിംഗ് നേട്ടം മാത്രം ലക്ഷ്യമിട്ടാണ് നിക്ഷേപം നടത്തുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള ഏഴ് മാസങ്ങളില്‍ നാലിലും ചില്ലറ നിക്ഷേപകര്‍ ദ്വിതീയ വിപണിയില്‍ അറ്റവില്‍പ്പന നടത്തുകയാണ് ചെയ്‌തത്.
ഒക്‌ടോബറില്‍ മാത്രം 12,061 കോടി രൂപയുടെ വില്‍പ്പനയാണ് നടത്തിയത്. അതേ സമയം ഈ ഏഴ് മാസങ്ങളില്‍ ഐപിഒ വിപണിയില്‍ ചില്ലറ നിക്ഷേപകര്‍ 29,370 കോടി രൂപ നിക്ഷേപിച്ചു. 2025ല്‍ ഇതുവരെ ഐപിഒ വിപണി 1.5 ലക്ഷം കോടി രൂപയാണ് സമാഹരിച്ചത്.
ഡിസംബറില്‍ വരാനിരിക്കുന്ന ഐപിഒകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഈ വര്‍ഷം ഐപിഒ വിപണി ധനസമാഹരണത്തില്‍ പുതിയ റെക്കോഡ് സൃഷ്‌ടിക്കാനാണ് സാധ്യത. 2024ലാണ് ഐപിഒ വിപണി ഏറ്റവും ഉയര്‍ന്ന ധന സമാഹരണം നടത്തിയത്.






