
സ്‌കൈവേയ്‌സ് എയര്‍ സര്‍വീസസ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) ഓഗസ്റ്റ് 24ന് ആരംഭിക്കും. ഓഗസ്റ്റ് 27 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 131-138 രൂപയാണ് ഇഷ്യു വില. 100 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ഓഗസ്റ്റ് 28ന് ഓഹരികളുടെ അലോട്ട്‌മെന്റ് നടക്കും. സെപ്‌റ്റംബര്‍ ഒന്നിന് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.
ഐപിഒ വഴി 582.80 കോടി രൂപയാണ് സ്‌കൈവേയ്‌സ് എയര്‍ സര്‍വീസസ് സമാഹരിക്കുന്നത്. 398.8 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 184 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്) ഉള്‍പ്പെട്ടതാണ് ഐപിഒ. ഒഎഫ്‌എസ് വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ് വില്‍ക്കുന്നത്.
ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുകയില്‍ 130 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
2025-26 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 63.52 കോടി രൂപയായി വര്‍ധിച്ചു. ഇത് മുന്‍വര്‍ഷം 48.14 കോടി രൂപയായിരുന്നു. വരുമാനം 2271 കോടി രൂപയില്‍ നിന്നും 2839.67 കോടി രൂപയായി ഉയര്‍ന്നു.






