
മുംബൈ: ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപം 29,845 കോടി രൂപയായി കുറഞ്ഞു. ജനുവരിയില്‍ 31,000 കോടി രൂപയും ഡിസംബറില്‍ 31,002 കോടി രൂപയുമാണ് പ്രതിമാസ എസ്‌ഐപി അക്കൗണ്ടുകളിലേക്ക് എത്തിയത്. മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 10.45 കോടിയായി ഉയര്‍ന്നു.
ജനുവരിയില്‍ 10.29 കോടി എസ്‌ഐപി അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്.
പുതുതായി രജിസ്റ്റര്‍ ചെയ്യപ്പെടുന്ന അക്കൗണ്ടുകളും നിര്‍ത്തലാക്കുകയോ കാലയളവ് കഴിഞ്ഞതോ ആയ അക്കൗണ്ടുകളും തമ്മിലുള്ള അനുപാതം (എസ്‌ഐപി സ്റ്റോപ്പേജ് റേഷ്യോ) ഫെബ്രുവരിയില്‍ 76 ശതമാനമാണ്. ഇത് ജനുവരിയില്‍ 74.83 ശതമാനവും ഡിസംബറില്‍ 85.3 ശതമാനവുമായിരുന്നു.
കഴിഞ്ഞ മാസം 65.72 ലക്ഷം പുതിയ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 49.70 ലക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ നിര്‍ത്തലാക്കപ്പെട്ടു. ഫലത്തില്‍ പുതിയ അക്കൗണ്ടുകളുടെ എണ്ണം 16 ലക്ഷമായി. എസ്‌ഐപി അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്‌തി 16.64 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത് മ്യൂച്വല്‍ ഫണ്ട് വ്യവസായം കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തിയുടെ 20 ശതമാനം വരും. 82.03 ലക്ഷം കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്‌തി.
എസ്‌ഐപി നിക്ഷേപം സ്ഥിരതയോടെ തുടരുന്നത് ദീര്‍ഘകാല നിക്ഷേപകര്‍ അച്ചടക്കത്തോടെ വിപണിയെ സമീപിക്കുന്നതിന്റെ സൂചനയാണ്.






