
മുംബൈ: 100 കോടി രൂപയുടെ ഫണ്ട് പുറത്തിറക്കി വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സിൽവർനീഡിൽ വെഞ്ചേഴ്‌സ്. ഈ ഫണ്ട് ഉപയോഗിച്ച് അടുത്ത 18 മാസത്തിനുള്ളിൽ 30 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി സ്ഥാപനം അറിയിച്ചു.
എക്‌സ്‌സീഡ് പാർട്‌ണേഴ്‌സിന്റെ സ്ഥാപകർ കൂടിയായ അജയ് ജെയ്‌നും ദീപേഷ് അഗർവാളും ചേർന്നാണ് ഫണ്ട് സ്ഥാപിച്ചത്. ഇതിന് ഓഗസ്റ്റിൽ മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) അംഗീകാരം ലഭിച്ചിരുന്നു.
അടുത്ത 18 മാസത്തിനുള്ളിൽ തങ്ങൾ 30 സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുമെന്നും. 1 ലക്ഷം രൂപ മുതൽ 6 കോടി രൂപ വരെയുള്ള തുക ആയിരിക്കും നിക്ഷേപിക്കുകയെന്നും സിൽവർനീഡിൽ വെഞ്ചേഴ്‌സ് സഹസ്ഥാപകനും മാനേജിംഗ് പാർട്ണറുമായ അജയ് ജെയിൻ പ്രസ്താവനയിൽ പറഞ്ഞു. ആൻഡ്രൂ ഹോളണ്ട്, ഭാരത് സെറം ഫാമിലി ഓഫീസ്, ഐപിവി, മുംബൈ ഏഞ്ചൽസ്, ജെറ്റ് സിന്തസിസ് തുടങ്ങിയ മാർക്വീ നിക്ഷേപകരാണ് സിൽവർനീഡിൽ വെഞ്ചേഴ്‌സിന്റെ ഫണ്ടിംഗ് റൗണ്ടിനെ പിന്തുണച്ചത്.
എസ്എൻവി പ്രധാനമായും ബി2ബി എസ്എഎഎസ്, ഡീപ്ടെക്, സസ്‌റ്റൈനബിലിറ്റി, ഡയറക്ട്-ടു-കൺസ്യൂമർ (D2C), കൺസ്യൂമർ ഇന്റർനെറ്റ് ഫോക്കസ്ഡ് സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു.