
ആരംഭിച്ച് നാല് വര്‍ഷത്തിനിടയില്‍ ചില വെള്ളി ഇടിഎഫുകള്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ക്ക് മേല്‍ 62 ശതമാനം എക്‌സ്‌ഐആര്‍ആര്‍ (വാര്‍ഷിക വരുമാന നിരക്ക്) നല്‍കി. ഇത് സ്വര്‍ണ്ണ ഇടിഎഫുകളുടെ 42 ശതമാനത്തെ അപേക്ഷിച്ച് വളരെക്കൂടുതലാണ്.
ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 2022 ഫെബ്രുവരി 22 ന് ആരംഭിച്ച മൂന്ന് സില്‍വര്‍ ഇടിഎഫുകള്‍-ഐസിഐസിഐ പ്രു സില്‍വര്‍ ഇടിഎഫ്, ആദിത്യ ബിര്‍ള എസ്എല്‍ സില്‍വര്‍ ഇടിഎഫ്, നിപ്പോണ്‍ ഇന്ത്യ സില്‍വര്‍ ഇടിഎഫ് -കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എസ്‌ഐപി നിക്ഷേപങ്ങളില്‍ യഥാക്രമം 62.7 ശതമാനം, 62.63 ശതമാനം, 62.29 ശതമാനം എന്നിങ്ങനെ വാര്‍ഷിക വരുമാനം (എക്‌സ്‌ഐആര്‍ആര്‍) നല്‍കി.
സ്വര്‍ണ്ണ ഇടിഎഫുകളില്‍ വാര്‍ഷിക വരുമാനത്തില്‍ മുന്നിലെത്തിയ ക്വാണ്ടം ഗോള്‍ഡ് ഫണ്ട് ഇടിഎഫ് 42.54 ശതമാനവും എല്‍ഐസി എംഎഫ് ഗോള്‍ഡ് ഇടിഎഫ് 42.16 ശതമാനവും എക്‌സ്‌ഐആര്‍ആര്‍ മാത്രമാണ് ഈ കാലയളവില്‍ നല്‍കിയത്.
നിക്ഷേപകരുടെ നേട്ടം
വെള്ളി ഇടിഎഫുകളിലെ പ്രതിമാസം 10,000 രൂപ എസ്‌ഐപിയ്ക്ക് ഇന്ന് 1.46 ലക്ഷം രൂപയുടെ മൂല്യമുണ്ടാകും. അതേസമയം സ്വര്‍ണ്ണ ഇടിഎഫുകളുടെ കാര്യത്തില്‍ ഇത് 1.04 ലക്ഷം രൂപ മാത്രമാണ്. 41,261 രൂപയുടെ വ്യത്യാസം.
നിക്ഷേപം പുന:ക്രമീകരിക്കേണ്ടതുണ്ടോ?
വെള്ളി ഇടിഎഫുകളുടെ 62 ശതമാനം എന്നത് കുറഞ്ഞ നിലയില്‍ നിന്നുള്ള വളര്‍ച്ചകൊണ്ടുണ്ടായ (low base) വരുമാനമാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വ്യാവസായിക ആവശ്യകതയാണ് വില നിര്‍ണ്ണയിക്കുന്നത് എന്നതിനാല്‍ വെള്ളിവില ചാഞ്ചാട്ടത്തിന് വിധേയമാണ്.
നേരെ മറിച്ച് സ്വര്‍ണ്ണം സ്ഥിരമായ വരുമാനം ഉറപ്പുതരുന്നു. അത് കുറഞ്ഞ മുന്‍കാല നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നതല്ല. പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യാതെ സ്ഥിരമായ വരുമാനമാണ് സ്വര്‍ണ്ണത്തിന്റെ പ്രത്യേകത.
മറ്റ് നിക്ഷേപങ്ങളുടെ നഷ്ട സാധ്യത തരണം ചെയ്യാന്‍ സഹയാക്കുമെന്നതിനാല്‍ (Hedge) അമൂല്യ ലോഹങ്ങള്‍ക്കിടയില്‍ പ്രഥമ പരിഗണന സ്വര്‍ണ്ണത്തിനാകണമെന്ന് അസറ്റ് എലിക്‌സിര്‍ സ്ഥാപകന്‍ ശിവം പഥക് ഉപദേശിച്ചു. തന്ത്രപരമായ നിക്ഷേപമെന്ന നിലയില്‍ വെള്ളിയെ പരിഗണിക്കാം. സമീപകാല പ്രകടനം അടിസ്ഥാനമാക്കി മുഴുവന്‍ സമ്പാദ്യവും വെളളിയിലേയ്ക്ക് മാറ്റുന്നത് ബുദ്ധിയായിരിക്കില്ല.
നിക്ഷേപകര്‍ സ്വര്‍ണ്ണ, വെള്ളി ഇടിഎഫുകളില്‍ തങ്ങളുടെ പങ്ക് നിലനിര്‍ത്തണമെന്ന് ഫിനാന്‍ഷ്യല്‍ റേഡിയന്റ് സ്ഥാപകന്‍ രാജേഷ് മിനോച്ച കൂട്ടിച്ചേര്‍ത്തു. സ്വര്‍ണ്ണം പ്രധാന നിക്ഷേപമാക്കുമ്പോള്‍ വെള്ളി തന്ത്രപരമായ കൂട്ടിച്ചേര്‍ക്കലാക്കണം.
നിക്ഷേപം വൈവിദ്യവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് സ്വര്‍ണ്ണം, വെള്ളി ഫണ്ടുകള്‍ പരിഗണിക്കേണ്ടത്. മൊത്തം നിക്ഷേപത്തിന്റെ ഏകദേശം 10 ശതമാനം സ്വര്‍ണ്ണത്തിനും വെള്ളിയ്ക്കുമായി നീക്കിവയ്ക്കാം. പ്രതിസന്ധിയുടെ കാലത്ത് ഈ വകമാറ്റല്‍ ഉപകാരപ്പെടും.
നിലവിലെ കണക്ക്
കഴിഞ്ഞ ഒരു വര്‍ഷത്തില്‍, സില്‍വര്‍ ഇടിഎഫുകള്‍ ശരാശരി 220.42 ശതമാനവും സ്വര്‍ണ്ണ ഇടിഎഫുകള്‍ ശരാശരി 90.19 ശതമാനവും വരുമാനം നല്‍കി.കഴിഞ്ഞമാസം അവസാനം ഇരു ലോഹങ്ങളും മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (എംസിഎക്‌സ്) റെക്കോര്‍ഡ് ഉയരം തൊട്ടു.
വെള്ളി നാല് ലക്ഷത്തിന് മുകളിലെത്തിയപ്പോള്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില ഏകദേശം 1.8 ലക്ഷം രൂപയായിരുന്നു. പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെ വിലകളില്‍ ഇടിവുണ്ടായി. വെള്ളി 27 ശതമാനവും സ്വര്‍ണ്ണം 12 ശതമാനവുമാണ് ഇടിഞ്ഞത്.






