
ന്യൂഡൽഹി: ഷട്ടിൽ കോക്ക് നിർമിക്കാൻ തൂവലുകൾ കിട്ടാനില്ല, പ്രഫഷനൽ ബാഡ്മിന്റൻ മത്സരങ്ങൾ പ്രതിസന്ധിയിലേക്കെന്ന് ആശങ്ക. ഷട്ടിൽ കോക്കുകളുടെ ഉൽപാദനത്തിൽ മുന്നിലുള്ള ചൈനയിലും ജപ്പാനിലും തൂവലുകൾക്കു കടുത്ത ക്ഷാമം നേരിടുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ ആറുമാസത്തിനിടെ ഷട്ടിൽ കോക്കിന്റെ വില ഇരട്ടിയിലധികമാണ് വർധിച്ചത്.
താറാവുകളുടെ കുടുംബക്കാരായ വാത്തകളുടെ തൂവലുകളാണ് ഷട്ടിൽ കോക്ക് നിർമാണത്തിന് ഉപയോഗിക്കുന്നത്. ചൈനയിൽ വാത്ത കൃഷിയിലുണ്ടായ ഇടിവാണ് ഷട്ടിൽ കോക്ക് ക്ഷാമത്തിനു കാരണം. ഇതോടെ, രാജ്യാന്തര മത്സരങ്ങളിൽ തൂവൽ കോക്കുകൾക്കു പകരം സിന്തറ്റിക് കോക്കുകളും മറ്റു ബദൽ മാർഗങ്ങളും പരിഗണിക്കണമെന്ന് ഇന്ത്യൻ ബാഡ്മിന്റൻ അസോസിയേഷനും പരിശീലകരും രാജ്യാന്തര ബാഡ്മിന്റൻ ഫെഡറേഷനോട് (ബിഡബ്ല്യുഎഫ്) ആവശ്യപ്പെട്ടിട്ടുണ്ട്.
ആഗോള ബാഡ്മിന്റൻ ഉപകരണ നിർമാണത്തിന്റെ 90 ശതമാനവും ചൈനയിലാണ്. ഇന്ത്യയിലും ഷട്ടിൽ കോക്ക് നിർമാണമുണ്ട്. അതിൽ മുക്കാൽ പങ്കും ബംഗാളിലെ ജാദുർബെറിയ ഗ്രാമത്തിലാണ്. ചൈനയിൽ നിന്നും ബംഗ്ലദേശിൽ നിന്നുമെത്തുന്ന തൂവൽ ഉപയോഗിച്ചാണ് ഇവിടെയും കോക്ക് നിർമാണമെന്നതിനാൽ തൂവൽ ക്ഷാമം ഇന്ത്യൻ ഉൽപാദനത്തെയും സാരമായി ബാധിച്ചു.