
ന്യൂഡല്‍ഹി: പോയവാരത്തില്‍ നിഫ്റ്റി50 സ്ഥിരത നിലനിര്‍ത്തിയപ്പോള്‍ അദാനി എന്റര്‍പ്രൈസസ് 0.2 ശതമാനവും അദാനി ഗ്രീന്‍ എനര്‍ജി 1.1 ശതമാനവും അദാനി ട്രാന്സ്മിഷന് 3 ശതമാനവും ഇടിഞ്ഞു. അദാനി പോര്‍ട്ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാറ്റമില്ലാതെ തുടര്‍ന്നു.
മിക്കവാറും അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളും കഴിഞ്ഞയാഴ്ച നാലാംപാദ ഫലം പുറത്തുവിട്ടു. ഗ്രൂപ്പ് ഓഹരികള്‍ തിരുത്തല്ഘട്ടത്തിലോ കണ്സോളിഡേഷനിലോ ആണെന്ന് വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രതിവാര നഷ്ടം 3,782 കോടി രൂപയായിരുന്നു.
അദാനി എന്റര്‍പ്രൈസസ്, അദാനി ട്രാന്സ്മിഷന്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി വില്‍മര്‍ എന്നിവയ്ക്ക് 507 കോടി മുതല്‍ 2,856 കോടി രൂപ വരെ വിപണി മൂല്യം നഷ്ടപ്പെട്ടപ്പോള്‍ അദാനി പവര്‍ 5,775 കോടി രൂപയും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 698 കോടി രൂപയും നേടി. വെള്ളിയാഴ്ച അഞ്ച് അദാനി ഗ്രൂപ്പ് കമ്പനികള്‍ മാറ്റമില്ലാതെയാണ് അവസാനിച്ചത്. അദാനി ട്രാന്സ്മിഷന്, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.






