
മുംബൈ: വിപ്രോ, എച്ച്സിഎല് ടെക് എന്നീ ഐടി കമ്പനികള് പ്രതീക്ഷിച്ചതിലും മികച്ച പ്രവര്ത്തനഫലം പുറത്തുവിട്ടതോടെ ഐടി ഓഹരികളുടെ നേതൃത്വത്തില് സൂചികകള് വീണ്ടും റെക്കോഡ് ഭേദിച്ചു. സെന്സെക്സ് 73,000വും നിഫ്റ്റി 22,000വും പിന്നിട്ടു.
സെന്സെക്സ് ഓഹരികളില് വിപ്രോയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില 10 ശതമാനം ഉയര്ന്നു. ടെക് മഹീന്ദ്ര, എച്ച്സിഎല് ടെക് എന്നിവ 2-5 ശതമാനം നേട്ടമുണ്ടാക്കി. സെന്സെക്സ് 656 പോയന്റ് ഉയര്ന്ന് 73,225ലും നിഫ്റ്റി 167 പോയന്റ് നേട്ടത്തില് 22,071ലുമാണ് രാവിലെ വ്യാപാരം നടന്നത്.
നിഫ്റ്റി മിഡ് ക്യാപ് സൂചിക 0.57 ശതമാനവും സ്മോള് ക്യാപ് 0.72 ശതമാനവും നേട്ടത്തിലാണ്. നേട്ടത്തിന് പിന്നിലെ കാരണങ്ങള് അറിയാം.
കുതിപ്പില് ഐടി
വിപ്രോ, എച്ച്സിഎല് ടെക് എന്നീ ഓഹരികളുടെ മുന്നേറ്റത്തില് നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനത്തിലധികം ഉയര്ന്നു. സെന്സെക്സിലും ഐടി ഓഹരികളിലാണ് പ്രധാനമായും കുതിപ്പുണ്ടായത്.
ആഗോള വിപണികള്
ഏഷ്യല് സൂചികകളിലും കുതിപ്പ് പ്രകടമാണ്. ജപ്പാന്റെ നിക്കി 1.2 ശതമാനം ഉയര്ന്ന് 34 വര്ഷത്തെ ഉയര്ന്ന നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ച സൂചികയില് 6.6ശതമാനം മുന്നേറിയിരുന്നു. ചൈനയുടെ ഷാങ്ഹായ കോമ്പോസിറ്റ് 0.36 ശതമാനം നേട്ടമുണ്ടാക്കി. ഹോങ്കോങ് 0.11 ശതമാനം ഉയര്ന്നു.
വിദേശ നിക്ഷേപകര്
ജനുവരിയില് ഇതുവരെ വിദേശ സ്ഥാപന നിക്ഷേപകര് 3,864 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അതേസമയം, വെള്ളിയാഴ്ച 340 കോടി രൂപയുടെ ഓഹരികള് അവര് വിറ്റൊഴിഞ്ഞിരുന്നു. മ്യൂച്വല് ഫണ്ടുകള് ഉള്പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള് 2,911 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു.
എണ്ണവില കുറയുന്നു
ചെങ്കടലിലെ സംഘര്ഷം തടയുന്നതിന് യുഎസ്-ബ്രിട്ടീഷ് സേനകള് രംഗത്തുവന്നതോടെ വിതരണ തടസ്സം സംബന്ധിച്ച ആശങ്കകള് നീങ്ങിയത് എണ്ണവില കുറയാനിടയാക്കി. ബ്രന്റ് ക്രൂഡ് വില ബാരലിന് 77.89 ഡോളര് നിലവാരത്തിലെത്തി.
രൂപയുടെ മൂല്യം ഉയര്ന്നതും ഡോളര് സൂചിക താഴുന്നതും വിപണിയില് ഉണര്വുണ്ടാക്കിയിട്ടുണ്ട്. പണപ്പെരുപ്പം ഉയര്ന്നെങ്കിലും ആര്ബിഐയുടെ ക്ഷമതാ പരിധിക്ക് താഴെയായതിനാല് വിപണിയെ കാര്യമായി ബാധിച്ചുമില്ല.