ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

സെമികണ്ടക്ടര്‍ രംഗത്ത് വൻ നേട്ടവുമായി മലയാളി സ്റ്റാര്‍ട്ടപ്പ്

കേരളത്തില്‍ നിന്നുള്ള അനലോഗ് റേഡിയോ ഫ്രീക്വന്‍സി സെമികണ്ടക്ടര്‍ ഇന്റലക്ചല്‍ പ്രോപര്‍ട്ടി കമ്പനിയായ സിലിസയം സര്‍ക്യൂട്ട്‌സിനെ ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടര്‍ അസോസിയേഷന്‍ (ഐഇഎസ്എ) ഏറ്റവും മികച്ച സാധ്യതകളുള്ള സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു.

കൊച്ചിയിലെ രാജഗിരി എൻജിനീയറിങ് കോളേജിലെ സഹപാഠികളായിരുന്ന ഡോ. അരുണ്‍ അശോകും റിജിന്‍ ജോണും 2020 സെപ്റ്റംബറില്‍ സ്ഥാപിച്ചതാണ് തദ്ദേശീയമായ ഫാബ് ലെസ് അനലോഗ് ആര്‍എഫ് സെമികണ്ടക്ടര്‍ ഇന്റലക്ചല്‍ പ്രോപര്‍ട്ടി കമ്പനിയായ സിലിസിയം സര്‍ക്യൂട്ട്‌സ്.

സെമികണ്ടക്ടര്‍ രംഗത്ത് പൂര്‍ണമായും ഇറക്കുമതിയെ ആശ്രയിക്കുന്ന നിലവിലെ സ്ഥിതി മറികടന്ന് സ്വാശ്രയത്വം കൈവരിക്കുന്നതിലേക്കു വഴി തുറക്കുന്ന ഐപിയാണ് സിലിസിയം സര്‍ക്യൂട്ട്‌സ് അടുത്തിടെ വികസിപ്പിച്ചത്.

സങ്കീര്‍ണമായ അനലോഗ്/ മിക്‌സഡ് സിഗ്നല്‍ ഐപികളുടെ രംഗത്തെ സിലിസിയത്തിന്റെ ഈ നേട്ടം ഇന്ത്യന് സെമികണ്ടക്ടര്‍ രംഗത്തെ അഭിമാനകരമായ ഒരു വേളയാണെന്ന് ഐഇഎസ്എ പ്രസിഡന്റും സിഇഒയുമായ കെ. കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഇത്തരത്തിലൂള്ള സ്റ്റാര്‍ട്ടപ്പുകളിലൂടെ മാത്രമേ ഇന്ത്യയ്ക്ക് ആത്മനിര്‍ഭരത കൈവരിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ സന്തോഷ് കുമാര്‍ സിലിസിയം സര്‍ക്യൂട്ട്‌സ് സഹ സ്ഥാപകനും സിഇഒയുമായ റിജിന്‍ ജോണിന് പുരസ്‌കാരവും മെമന്റോയും സമ്മാനിച്ചു.

തദ്ദേശീയ സെമികണ്ടക്ടര്‍ ഐപികള്‍ വികസിപ്പിക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാടിനും കഠിന പരിശ്രമത്തിനും ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് റിജിന്‍ ജോണ്‍ പറഞ്ഞു.

സെമികണ്ടക്ടര്‍ രംഗത്തെ ഇന്ത്യയെ നയിക്കുന്നതില്‍ കൂടുതല്‍ പ്രതിബദ്ധത സ്വായത്തമാക്കാനും മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക് ഫോര്‍ വേള്‍ഡ് നീക്കങ്ങള്‍ക്കായി കൂടുതല്‍ സംഭാവനകള്‍ നല്‍കാനും ഇതു തങ്ങള്‍ക്കു പിന്തുണ നല്‍കുമെന്നും റിജിന്‍ ജോണ്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാപിതമായി ആദ്യ വര്‍ഷം തന്നെ ഐഐടി ഹൈദരാബാദ് ഫാബ് സിഐയില്‍ നിന്ന് തന്ത്രപരമായ നിക്ഷേപം ലഭിച്ച കമ്പനി വയര്‍ലെസ് രംഗത്ത് തദ്ദേശീയമായ സെമികണ്ടക്ടര്‍ ഐപികള്‍ വികസിപ്പിക്കുന്നതിനും തുടക്കം കുറിച്ചു.

സെമി കണ്ടക്ടര്‍ മേഖലയില്‍ മുന്നേറാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ സിലിസിയത്തിനു ലഭിച്ച ഈ പുരസ്‌ക്കാരത്തിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ധിക്കുകയാണ്.

നിലവില്‍ എല്ലാ ചിപ്പുകളും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. സെമി കണ്ടക്ടര്‍ മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ച് തന്ത്രപരമായി ഏറെ പ്രധാനപ്പെട്ടതുമാണ്.

ദേശീയ സുരക്ഷാ രംഗത്ത് പ്രധാനപ്പെട്ട വാര്‍ത്താ വിനിമയം, പ്രതിരോധം, വൈദ്യുതി വിതരണം, സ്‌പേസ് തുടങ്ങിയ മേഖലകളിലെല്ലാം ഇതു പ്രസക്തവുമാണ്.

ഈ സംവിധാനത്തിലൂടെ തദ്ദേശീയമായ കൂടുതല്‍ സെമികണ്ടക്ടര്‍ ഐപികള്‍ ഉല്‍പാദിപ്പിക്കാന്‍ തങ്ങള്‍ പ്രതിബദ്ധരാണെന്ന് ഐഐടി ഹൈദരാബാദ് ഫാബ്‌സിഐ ഫാക്കല്‍റ്റി ഇന്‍ ചാര്‍ജും പ്രഫസറുമായ ഡോ. ശിവ രാമ കൃഷ്ണ പറഞ്ഞു.

ഇന്ത്യ സെമി കണ്ടക്ടര്‍ ഉല്‍പാദനത്തിന്റെ എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ഈ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നടത്തുന്ന കണ്ടുപിടുത്തങ്ങള്‍ക്ക് പരമ പ്രാധാന്യമാണുള്ളത്.

സിലിസിയം സര്‍ക്യൂട്ട്‌സ് പോലുള്ള സെമികണ്ടക്ടര്‍ ഐപി സ്റ്റാര്‍ട്ടപ്പുകള്‍ വന്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത് ഇത്തരത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമി കണ്ടക്ടര്‍ രംഗത്തിന്റെ വികസനത്തിനായി 76,000 കോടി രൂപയാണ് കേന്ദ്ര കാബിനറ്റ് വകയിരുത്തിയിട്ടുള്ളത്.

ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആൻഡ് സെമികണ്ടക്ടര്‍ അസോസിയേഷന്റെ വാര്‍ഷിക പുരസ്‌കാര വേളയില്‍ ഏറ്റവും മികച്ച സാധ്യതകളുള്ള സെമികണ്ടക്ടര്‍ സ്റ്റാര്‍ട്ടപ്പിനുള്ള പുരസ്‌കാരത്തിനാണ് സിലിസിയം സര്‍ക്യൂട്ട്‌സിനെ തിരഞ്ഞെടുത്തത്.

ആധുനിക വിവര വിസ്‌ഫോടന കാലഘട്ടത്തിന്റെ ജീവനാഡിയായ സെമികണ്ടക്ടര്‍ ചിപ്പുകളുമായി ബന്ധപ്പെട്ടാണ് സിലിസിയത്തിന്റെ മുന്നേറ്റമെന്നത് ദേശീയ തലത്തിലും ആഗോള തലത്തിലും അതിനുള്ള പ്രാധാന്യം വര്‍ധിപ്പിക്കുകയാണ്.

ജീവിതത്തെ ലളിതമാക്കുന്ന രീതിയില്‍ ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ നിയന്ത്രണവും പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകാന്‍ അവ സഹായിക്കും. വാര്‍ത്താ വിനിമയം, വാഹന മേഖല, വ്യോമയാന മേഖല, ഹരിത ഊര്‍ജം, വിവര സാങ്കേതികവിദ്യ, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങി സെമികണ്ടക്ടര്‍ ഏറെ പ്രസക്തമായ മേഖലകള്‍ നിരവധിയാണ്.

ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നിന്നു പ്രവര്‍ത്തിക്കുന്ന തങ്ങളുടെ ചെറുതെങ്കിലും കഴിവുകളുള്ള ടീമിന്റെ പ്രവര്‍ത്തന ഫലമായി തങ്ങള്‍ക്ക് ആദ്യ ഉല്‍പന്നമായ ജിഎന്‍എസ്എസ് സംവിധാനങ്ങള്‍ക്കു വേണ്ടിയുള്ള ഫ്രണ്ട് എന്‍ഡ് മോഡ്യൂളായ എസ് സി 391 വികസിപ്പിക്കാനായെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സിലിസിയം സര്‍ക്യൂട്ട്‌സ് സഹ സ്ഥാപകനും സിടിഒയുമായ ഡോ. അരുണ്‍ അശോക് ചൂണ്ടിക്കാട്ടി.

ഈ ഉല്‍പന്നം കുറഞ്ഞ വൈദ്യുതി ഉപയോഗിച്ചു കൊണ്ട് നാവിഗേഷന്‍ റിസീവറുകളുടെ സംവേദനക്ഷമത വര്‍ധിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ്കര്‍ വില്ലേജ്, കെഎസ്‌യുഎം, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച നിര്‍മിത ബുദ്ധിയേയും മെഷീന്‍ ലാംഗ്വേജിനേയും അധിഷ്ഠിതമായുള്ള ഭാവിയിലേക്കുള്ള ‘സംയോജിത ചിപ്പുകളും അവയിലെ ബുദ്ധിയും’ എന്ന മല്‍സരത്തിലും സിലിസിയം സര്‍ക്യൂട്ട്‌സ് നേരത്തെ വിജയികളായിരുന്നു.

സെമികണ്ടക്ടര്‍ ഉല്‍പാദനത്തിന്റെ എല്ലാ മേഖലകളിലും ആത്മനിര്‍ഭരതയിലേക്ക് ഇന്ത്യ മുന്നേറിക്കൊണ്ടിരിക്കെ സിലിസിയം സര്‍ക്യൂട്ട്‌സ് പോലുള്ള ഐപി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രസക്തി ഏറെയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മെയ്കര്‍ വില്ലേജ് സിഇഒ നിസാമുദ്ദീന്‍ മുഹമ്മദ് പറഞ്ഞു.

അനലോഗ് ആര്‍എഫ് മിക്‌സഡ് സിഗ്നല്‍ ഐപി രംഗത്തെ അവരുടെ സവിശേഷമായ കണ്ടുപിടുത്തങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്റെ ധന സഹായത്തോടെയാണ് സെമികണ്ടക്ടര്‍ രംഗത്തെ ഈ മുന്നേറ്റം നടത്തിയത്. എല്‍ഇഡി ബള്‍ബുകളും റഫ്രിജറേറ്ററുകളും മുതല്‍ ബാലിസ്റ്റിക് മിസൈലുകള്‍ വരെയുള്ളവയില്‍ വിപുലമായ ഉപയോഗങ്ങളുള്ള സെമികണ്ടക്ടറുകള്‍ ആധുനിക ലോകത്തിലെ ഹീറോ ആണെന്ന് കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.

2026-ഓടെ ഇന്ത്യന്‍ സെമികണ്ടക്ടര്‍ വിപണി 6.4 കോടി ഡോളറിലെത്തുമെന്നാണ് പ്രവചനങ്ങള്‍. സിലിസിയം സര്‍ക്യൂട്ട്‌സിന്റെ ഈ നേട്ടങ്ങള്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷനുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിലെ 2002-06 ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷന്‍സ് ബാച്ചിലെ സഹപാഠികളാണ് ഡോ. അരുണ്‍ അശോകും റിജിന്‍ ജോണും. രാജഗിരി കാമ്പസിലെ ഇന്‍കുബേഷന്‍ സെന്ററിലാണ് സിലിസിയം സര്‍ക്യൂട്ട്‌സ് കേരള ടീം ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്.

സാങ്കേതികവിദ്യയും അവയുടെ ഉപയോഗങ്ങളും അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് തങ്ങളുടെ പൂര്‍വ വിദ്യാര്‍ഥികളും ഇന്‍കുബേഷന്‍ സെന്ററിന്റെ ഉപയോക്താക്കളും ദേശീയ, ആഗോള തലങ്ങളില്‍ പ്രാധാന്യമുള്ള ഈ നേട്ടം കൈവരിച്ചത് അഭിമാനാര്‍ഹമാണെന്ന് രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജി ഡയറക്ടര്‍ ഫാ (ഡോ.) ജോസ് കുരിയേടത്ത് സിഎംഐ ചൂണ്ടിക്കാട്ടി.

സിലിസിയം ടീം 5ജി, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്‌സ് ഐപികള്‍ തുടങ്ങിയവ വികസിപ്പിക്കുന്ന പ്രവര്‍ത്തനത്തിലാണ്.

X
Top