ഉൾനാടൻ ജലപാത വികസന കൗൺസിലിന് സമാപനംദാവോസ് സാമ്പത്തിക ഫോറത്തില്‍ 1,17,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം നേടി കേരളംഇന്ത്യയുടെ റഷ്യൻ എണ്ണ വാങ്ങൽ ഇടിഞ്ഞുകേന്ദ്ര ബജറ്റ് 2026: ആദായനികുതി പരിധിയിലും ഡിഡക്ഷനുകളിലും ഇളവുകൾക്ക് സാധ്യതഇൻഡിഗോ ഒഴിച്ചിട്ട സ്ലോട്ടുകൾക്കായി വിമാനക്കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സർക്കാർ

അർധ അതിവേഗ റെയിൽപ്പാത: തിരുവനന്തപുരം–കണ്ണൂർ 3.15 മണിക്കൂർ, 22 സ്റ്റേഷനുകൾ

  • ഓരോ 5 മിനിറ്റിലും ട്രെയിൻ

പൊന്നാനി: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂർ അർധ അതിവേഗ റെയിൽപ്പാത പരിഗണിച്ച് കേന്ദ്രം. വിശദപദ്ധതി രേഖ (ഡി.പി.ആർ.) തയ്യാറാക്കുന്ന ജോലികൾ ഫെബ്രുവരി രണ്ടിന് തുടങ്ങും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം. ആർ.സി.) ഡി.പി.ആർ. തയ്യാറാക്കുന്നത്. ഇതിനായി പൊന്നാനിയിൽ പ്രത്യേക ഓഫീസും തുറന്നു.

തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിച്ചാകും അർധ അതിവേഗ റെയിൽപ്പാത. ഇതുവരെ തീവണ്ടിഗതാഗതം ഇല്ലാത്ത സ്ഥലങ്ങളിലേക്കും എത്തുന്നുവെന്ന പ്രത്യേകതയും പദ്ധതിക്കുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളെയും പാത ബന്ധിപ്പിക്കും. 22 സ്‌റ്റേഷനുകളാണുണ്ടാവുക. ഒൻപതുമാസത്തിനകം ഡി.പി.ആർ. തയ്യാറാക്കും. 70 ശതമാനത്തോളം സ്ഥലത്തും തൂണിന് മുകളിലൂടെയായിരിക്കും പാത.

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡി.പി.ആർ. തയ്യാറാക്കാൻ മന്ത്രി ആവശ്യപ്പെട്ടതെന്ന് ഇ. ശ്രീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. പാതയ്ക്ക് സംസ്ഥാനസർക്കാരിന്റെ പൂർണസഹകരണം ലഭിക്കും.

22 സ്റ്റേഷൻ

  • തിരു. സെൻട്രൽ
  • തിരു. നോർത്ത്
  • വർക്കല
  • കൊല്ലം
  • കൊട്ടാരക്കര
  • അടൂർ
  • ചെങ്ങന്നൂർ
  • കോട്ടയം
  • വൈക്കം
  • എറണാകുളം (പാലാരിവട്ടം പാലത്തിനടുത്ത്)
  • ആലുവ
  • നെടുമ്പാശ്ശേരി
  • തൃശ്ശൂർ
  • കുന്നംകുളം
  • എടപ്പാൾ
  • തിരൂർ
  • കരിപ്പൂർ
  • കോഴിക്കോട്
  • കൊയിലാണ്ടി
  • വടകര
  • തലശ്ശേരി
  • കണ്ണൂർ

430 കിലോമീറ്റർ
തിരുവനന്തപുരം-കണ്ണൂർ 430 കിലോമീറ്റർ 3.15 മണിക്കൂറുകൊണ്ടെത്തും. പരമാവധി വേഗം മണിക്കൂറിൽ 200 കിലോമീറ്റർ. ശരാശരി വേഗം മണിക്കൂറിൽ 135 കിലോമീറ്ററും. 20 മുതൽ 25 കിലോമീറ്ററിനുള്ളിൽ സ്റ്റോപ്പുകളുണ്ടാകും.

ഒരുലക്ഷം കോടി ചെലവ്
ഒരു ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എ.സി. ചെയർകാറിനെക്കാൾ ഒന്നര ഇരട്ടിയാണ് പ്രതീക്ഷിക്കുന്ന യാത്രാനിരക്ക്.

ഓരോ അഞ്ചുമിനിറ്റിലും ട്രെയിൻ
തിരുവനന്തപുരം -കണ്ണൂർ അർധ അതിവേഗ റെയിൽപ്പാതയിൽ ഓരോ അഞ്ച് മിനിറ്റ് ഇടവേളയിലും ട്രെയിൻ ഉണ്ടാകും. ആദ്യഘട്ടത്തിൽ എട്ട് കോച്ചുകളാണുണ്ടാവുക, ഇത് 16 വരെ വർധിപ്പിക്കാം.

ഡൽഹിയിലെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് (ആർ.ആർ.ടി.എസ്.) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക. എട്ട് കോച്ചിൽ 560 പേർക്ക് സഞ്ചരിക്കാനാകും. ഭാവിയിൽ കാസർകോട്, മംഗളൂരു, മുംബൈവരെ പാത നീട്ടാൻ കഴിയും.

തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് എടുക്കുന്ന സമയം ഒരുമണിക്കൂർ 20 മിനിറ്റാണ്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് രണ്ടരമണിക്കൂർ. ഒരുകിലോമീറ്ററിന് 200 കോടിയാണ് ചെലവ് കണക്കായിട്ടുള്ളത്.

യാത്ര ഇരുന്ന് മാത്രം
ഇരുന്നുമാത്രമേ യാത്രയുണ്ടാകൂ. ബിസിനസ് ക്ലാസ്, നോർമൽ ക്ലാസ് എന്നിങ്ങനെ രണ്ടുതരം കമ്പാർട്ട്‌മെന്റുകളുണ്ടാകും.

ഭൂമി ഏറ്റെടുക്കൽ
അഞ്ചുമുതൽ 10 ശതമാനംവരെ മാത്രമേ സാധാരണ സ്ഥലത്തൂകൂടി പാത കടന്നുപോകുന്നുള്ളൂ. ബാക്കി പാലത്തിലൂടെയും തുരങ്കത്തിലൂടെയും. ഇരട്ടപാതയാണ് നിർമിക്കുക. 25 മീറ്ററിലാണ് ഭൂമി ഏറ്റെടുക്കുക. നിർമാണശേഷം കൃഷിക്കോ മേച്ചിൽപ്പുറത്തിനോ വേണ്ടി നിബന്ധനകളോടെ ഭൂമി യഥാർഥ ഉടമകൾക്ക് പാട്ടത്തിന് നൽകും. പാലത്തിനടിയിൽ നിർമാണങ്ങൾക്കോ വലിയ മരങ്ങൾ നടുന്നതിനോ അനുമതിയുണ്ടാകില്ല.

നടത്തിപ്പും ഫണ്ട് കണ്ടെത്തലും
റെയിൽവേയുടെ 51 ശതമാനം വിഹിതവും സംസ്ഥാനത്തിന്റെ 49 ശതമാനം വിഹിതവും ഉപയോഗിച്ച് രൂപവത്കരിക്കുന്ന കമ്പനിക്കാകും ചുമതല. ചെലവിന്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകളും 40 ശതമാനം കടമായോ കണ്ടെത്തണം.

10 വർഷത്തിനുള്ളിൽ കടംവീട്ടാനുള്ള വരുമാനം പാതയിൽനിന്ന് ലഭിക്കും. അഞ്ചുവർഷത്തിനുള്ളിൽ 30,000 കോടി രൂപയാണ് റെയിൽവേക്കും സംസ്ഥാന സർക്കാരിനും വഹിക്കേണ്ടിവരുക.

ഡി.പി.ആർ. തയ്യാറാക്കി നിർമാണം തുടങ്ങിയാൽ അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാകും. ഡി.പി.ആർ. തയ്യാറാക്കുന്നതോടൊപ്പം പരിസ്ഥിതി ആഘാത പഠനവും മണ്ണുപരിശോധനയും നടത്തും.

നിലമ്പൂർ-നഞ്ചൻകോടും പരിഗണനയിൽ
നാല് ആവശ്യങ്ങളുമായാണ് കേന്ദ്ര റെയിൽവേ മന്ത്രിയെ സമീപിച്ചതെന്ന് ഇ. ശ്രീധരൻ പറഞ്ഞു. അതിവേഗ റെയിൽപ്പാത, നിലമ്പൂർ-നഞ്ചൻകോട് പാത, ചെങ്ങന്നൂർ-പമ്പ അതിവേഗ പാത, നിലവിലെ പാതയിലെ വേഗം വർധിപ്പിക്കുന്നതിനായി യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം നടപ്പാക്കൽ എന്നിവയാണ് ആവശ്യപ്പെട്ടത്.

ഇവ പരിഗണിക്കാമെന്ന ഉറപ്പ് മന്ത്രിയിൽനിന്ന് ലഭിച്ചിട്ടുണ്ട്. നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് പുതിയ ഡി.പി.ആർ. തയ്യാറാക്കാമെന്നും ഉറപ്പുനൽകിയിട്ടുണ്ട്.

X
Top