
മുംബൈ: ഒരേ വിഭാഗത്തില്‍ തന്നെ രണ്ട് പദ്ധതികളാരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളെ അനുവദിക്കാനുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശത്തിന് സമ്മിശ്ര പ്രതികരണം. ഇത് സംബന്ധിച്ച് നിക്ഷേപര്‍ക്കിടയിലുണ്ടാകുന്ന അവ്യക്തതയും എസ്‌ഐപി തുടര്‍ച്ചയെ ബാധിക്കാനുള്ള സാധ്യതയേയും കുറിച്ച് ഉപദേഷ്ടാക്കളും വിതരണക്കാരും ആശങ്കകള്‍ ഉന്നയിച്ചു.
ജൂലൈ 18 ന് പുറത്തിറക്കിയ കരട് സര്‍ക്കുലര്‍ പ്രകാരം, അസറ്റ് മാനേജ്മെന്റ് കമ്പനികള്‍ക്ക് (AMC) ലാര്‍ജ് ക്യാപ് അല്ലെങ്കില്‍ മിഡ് ക്യാപ് വിഭാഗങ്ങളില്‍ രണ്ടാമത്തെ സ്‌കീം ആരംഭിക്കാന്‍ കഴിയും. ആദ്യ ഫണ്ട് ആരംഭിച്ച് കുറഞ്ഞത് 5 വര്‍ഷമാകണമെന്നും അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 50,000 കോടി രൂപയില്‍ കൂടുതലാകണമെന്നുമാണ് നിബന്ധന. ഓഗസ്റ്റ് 8 വരെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം സ്വീകരിക്കാന്‍ സെബി തയ്യാറായിട്ടുണ്ട്.
മൊത്തം ചെലവ് അനുപാതം (ടിഇആര്‍) നിയന്ത്രിക്കാനുള്ള നീക്കം നിക്ഷേപകരുടെ മേലുള്ള ബാധ്യത കുറയ്ക്കുമെങ്കിലും ഒരു വിഭാഗത്തില്‍ രണ്ട് സ്‌ക്കീമുകള്‍ അനുവദിക്കാനുള്ള നീക്കം അവ്യക്തത സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് 2017 ലെ ഇത് സംബന്ധിച്ച സെബിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.
അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമുകളുപയോഗിച്ച് നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന സങ്കീര്‍ണതകളും വിതരണക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇത് ഫണ്ടുകള്‍ ഓവര്‍ലാപ്പ് ചെയ്യുന്നതിന് കാരണമാകുമെന്നും സന്ദേശങ്ങളില്‍ അവ്യക്തതയുണ്ടാക്കുമെന്നും അവര്‍ പറയുന്നു. പഴയ സ്‌ക്കീമിലെ എസ്‌ഐപി തുടരാന്‍ സാധിച്ചില്ലെങ്കില്‍ അത് നിക്ഷേപകരില്‍ അങ്കലാപ്പ് സൃഷ്ടിക്കും.