
ന്യൂഡല്ഹി: ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരികളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില് രാജ്യം വിട്ട വ്യവസായി മെഹുല് ചോക്‌സി 5.35 കോടി രൂപ നല്‍കണം. ഇക്കാര്യം ആവശ്യപ്പെട്ട് ചോക്‌സിക്ക് സെബി നോട്ടീസ് അയച്ചു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചുമത്തിയ പിഴ അടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ്.
ഗീതാഞ്ജലി ജെംസിന്റെ ചെയര്മാനും മാനേജിംഗ് ഡയറക്ടറും പ്രമോട്ടര് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ചോക്‌സി നീരവ് മോദിയുടെ അമ്മാവനാണ്. പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല് ബാങ്കില് നിന്ന് 14,000 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് ഇരുവര്ക്കുമെതിരെയുള്ള കേസ്.
2018 ന്റെ തുടക്കത്തില്‍ പിഎന്‍ബി തട്ടിപ്പ് പുറത്തുവന്നതിന് ശേഷമാണ് ചോക്‌സിയും നീരവ് മോദിയും ഇന്ത്യ വിട്ടത്.
മെഹുല് ചോക്‌സി ആന്റിഗ്വ ആന്ഡ് ബാര്ബുഡയിലാണെങ്കിലും നീരവ് മോദി ബ്രിട്ടീഷ് ജയിലിലാണ്. പലിശയും റിക്കവറി ചെലവും ഉള്‍പ്പെടെ 5.35 കോടി രൂപ 15 ദിവസത്തിനുള്ളില്‍ അടയ്ക്കാനാണ് പുതിയ നോട്ടീസില്‍ ചോക്‌സിയോടാവശ്യപ്പെട്ടിട്ടുള്ളത്.
കുടിശ്ശിക അടയ്ക്കാത്ത സാഹചര്യത്തില്‍ സ്ഥാവര വസ്തുവകകള്‍ കണ്ടുകെട്ടി വില്‍ക്കുന്നതിലൂടെ തുക വീണ്ടെടുക്കും.
കൂടാതെ, ചോക്‌സിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.