
ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് പ്രവര്‍ത്തനത്തെ അടിമുടി മാറ്റാനുതകുന്ന നിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍. നാല് നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും മാര്‍ക്കറ്റ് റെഗുലേറ്റര്‍ മുന്നോട്ടുവയ്ക്കുന്നത്.
സ്വകാര്യ ഇക്വിറ്റി ഫണ്ടുകളെ സ്‌പോണ്‍സര്‍മാരാകാന്‍ അനുവദിക്കാമോ; നിലവിലുള്ള സ്‌പോണ്‍സര്‍ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടോ; സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതിന് അറ്റാദായം ലാഭം തുടങ്ങിയവ മാനദണ്ഡങ്ങള്‍ ആവശ്യമുണ്ടോ; നന്നായി സ്ഥാപിതമായതും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നതുമായ അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ക്ക് സ്‌പോണ്‍സര്‍മാരെ ആവശ്യമുണ്ടോ എന്നിവയാണ് സെബി പൊതുജനാഭിപ്രായം തേടുന്ന കാര്യങ്ങള്‍.
ഇതില്‍ ഏറ്റവും പ്രധാനം സ്വകാര്യ ഇക്വിറ്റി ഫണ്ടുകളെ സ്‌പോണ്‍സര്‍മാരാക്കണം എന്നതാണ്. പ്രൈവറ്റ് ഇക്വിറ്റി (പിഇ) ഫണ്ടുകള്‍ 40 ട്രില്യണ്‍ രൂപയുടെ ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് (എംഎഫ്) വ്യവസായത്തിലേക്ക് പ്രവേശിക്കണമെന്ന് സെബി കരുതുന്നു.
“ഗണ്യമായ മൂലധനമുള്ള സ്വകാര്യ ഇക്വിറ്റി ഫണ്ടുകള്‍ക്ക് സാങ്കേതികവിദ്യയില്‍ നിക്ഷേപിക്കാനും വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ധനം നല്‍കാനും തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നല്ല കഴിവുകളും കൊണ്ടുവരാനും മ്യൂച്വല്‍ ഫണ്ടുകളുടെ സാന്നിധ്യം വിപുലീകരിക്കാനും സാധിക്കും”, സെബി അതിന്റെ കണ്‍സള്‍ട്ടേഷന്‍ പേപ്പറില്‍ പറയുന്നു.
അത് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ നിലവിലെ സ്ഥാപനങ്ങള്‍ക്ക് ക്രിയാത്മക എതിരാളികളാവുകയും നിക്ഷേപക മൂല്യം മെച്ചപ്പെടുത്തുകയും ചെയ്യും,”
അതേസമയം നിബന്ധനകള്‍ക്ക് വിധേയമായി മാത്രമേ പിഇ ഫണ്ടുകളെ മ്യൂച്വല്‍ ഫണ്ട് രംഗത്ത് അനുവദിക്കൂ.
1996 ലെ തുടക്ക കാലത്തില്‍ നിന്നും വ്യത്യസ്തമായി മ്യൂച്വല്‍ ഫണ്ട് വ്യവസായം ശക്തവും 40 ട്രില്യണ്‍ ഡോളറിന്റേതുമാണ്. അതിനാല്‍ സ്‌പോണ്‍സര്‍മാരുടെ സ്വാധീനം കുറയ്ക്കാമെന്നും സെബി കരുതുന്നു ഓഹരി പങ്കാളിത്തം 26 ശതമാനത്തില്‍ നിന്നും 10 ശതമാനമാക്കാന്‍ സ്‌പോണ്‍സര്‍മാരെ അനുവദിക്കുക എന്നതാണ് ഈ ദിശയിലുള്ള നീക്കം.
പ്രമുഖ പിഇയായ ബ്ലാക്ക്‌സ്റ്റോണ്‍ ഒരുവര്‍ഷം മുന്‍പ് മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലേയ്ക്ക് പ്രവേശിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.