
മുംബൈ: ഡെറീവേറ്റീവുകളുടെ പ്രതിവാര എക്‌സ്പയറി നിര്‍ത്താന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡെ നിഷേധിച്ചു. റിപ്പോര്‍ട്ടുകള്‍ ഊഹാപോഹം മാത്രമാണ്.
പ്രതിവാര എക്‌സ്പയറി രണ്ടാഴ്ചയിലൊരിക്കലോ പ്രതിമാസമോ ആക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബിഎസ്ഇ, എഞ്ചല്‍ വണ്‍, സിഎഎംഎസ്, മോത്തിലാല്‍ ഓസ്വാള്‍ ഓഹരികള്‍ ഇടിവ് നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സെബി ചെയര്‍മാന്‍ വിശദീകരണമിറക്കിയത്.
തുടര്‍ന്ന് ഓഹരികള്‍ വീണ്ടെടുപ്പ് നടത്തി. ഓപ്ഷന്‍ ട്രേഡിംഗ് കുറച്ച്, ഇക്വിറ്റി ട്രേഡ് പ്രോത്സാഹിപ്പിക്കാന്‍ സെബി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനായി മാര്‍ജിന്‍ ആവശ്യകത കുറച്ചേയ്ക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.
ജൂലൈ 7 ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, എഫ് & ഒയില്‍ വ്യാപാരം നടത്തുന്ന വ്യക്തിഗത നിക്ഷേപകരുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കുറഞ്ഞുവെന്ന് സെബി കണ്ടെത്തി.
മാത്രമല്ല, വ്യക്തിഗത വ്യാപാരികളുടെ അറ്റ നഷ്ടം 2025 സാമ്പത്തിക വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധിച്ച് 1,05,603 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 74,812 കോടി രൂപ മാത്രമായിരുന്നു.