
മുംബൈ: മാര്‍ക്കറ്റ് ഇടനിലക്കാര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ആധികാരികതയില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതിന് തടയാനായി പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് മാര്‍ക്കറ്റ് റെഗുലേറ്റര്‍. ബ്ലോഗുകള്‍/ചാറ്റുകള്‍, ഇമെയിലുകള്‍, ഫോറങ്ങള്‍ എന്നിവയിലൂടെ സ്‌റ്റോക്കുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ബ്രോക്കിംഗ് ഹൗസുകളിലെ ജീവനക്കാരും മറ്റ് ഇടനിലക്കാരും പ്രചരിപ്പിക്കുന്നതാണ് സെബിയെ കുഴക്കുന്നത്.
പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിതെന്നും ഇത്തരം ബ്ലോഗുകള്‍, ചാറ്റ് ഫോറങ്ങള്‍, മെസഞ്ചര്‍ എന്നിവയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയോ തടയുകയോ ചെയ്യണമെന്നും സെബി ഇടനിലക്കാരോട് നിര്‍ദ്ദേശിച്ചു. കംപ്ലയിന്‍സ് ഓഫീസര്‍ അവലോകനം ചെയ്ത് അംഗീകരിച്ച വാര്‍ത്തകള്‍ മാത്രമേ പുറത്തുവിടാവൂ. അങ്ങിനെ ചെയ്യാത്ത പക്ഷം സെബി ആക്ടിന്റെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണക്കാക്കുകയും ബന്ധപ്പെട്ട കക്ഷിയെ ശിക്ഷയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ഡ്യൂട്ടി ലംഘനത്തിന് കംപ്ലയന്‍സ് ഓഫീസറും ഉത്തരവാദിയാകും. താല്‍ക്കാലിക ജീവനക്കാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ വിശ്വസനീയമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സെബി ചട്ടം കെട്ടി.