
മുംബൈ: ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും കൂടുതല്‍ ഇടം നല്‍കി, പബ്ലിക് ഇഷ്യു ആങ്കര്‍ ബുക്ക് നിക്ഷേപക അലോക്കേഷന്‍ മെക്കാനിസം സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മാറ്റി. കൂടുതല്‍ ഓഹരികള്‍ ആങ്കര്‍ നിക്ഷേപകര്‍ക്ക് വകയിരുത്താനുള്ള അനുമതി റെഗുലേറ്റര്‍ ബോര്‍ഡ് നല്‍കുകയായിരുന്നു.
ഇത് പ്രകാരം ആങ്കര്‍ ഭാഗത്തിനുള്ള സംവരണം 40 ശതമാനമായി വര്‍ദ്ധിപ്പിച്ചു. ഇതില്‍തന്നെ മൂന്നില്‍ ഒന്ന് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ബാക്കിയുള്ളത് ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്കും പെന്‍ഷന്‍ ഫണ്ടുകള്‍ക്കും. പെന്‍ഷന്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ ക്വാട്ട സബ്‌സ്‌ക്രൈബ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന പക്ഷം ആ ഭാഗം കൂടി ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലഭ്യമാകും.
250 കോടി രൂപയ്ക്ക് മുകളിലുള്ള ഓഹരി വിഹിതത്തിന് അര്‍ഹമായ ആങ്കര്‍ നിക്ഷേപകരുടെ എണ്ണം 5 മുതല്‍ 15 എണ്ണംവരെയാകും. ഓരോ അധിക 250 കോടി രൂപയ്ക്കും അല്ലെങ്കില്‍ അതിന്റെ ഭാഗത്തിനും മറ്റൊരു 15 പേരെക്കൂടി അനുവദിക്കും. അതേസമയം ഒരു നിക്ഷേപകന് നല്‍കുന്ന ഓഹരികള്‍ കുറഞ്ഞത് 5 കോടി രൂപയുടേതാകണമെന്ന നിബന്ധനയുണ്ട്.